ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; നാട്ടുകാർ എട്ട് മണിക്കൂർ സംസ്ഥാനപാത ഉപരോധിച്ചു
text_fieldsഎടവണ്ണ: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ വടശ്ശേരി വളവിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ എട്ടു മണിക്കൂർ സംസ്ഥാനപാത ഉപരോധിച്ചു. വളവിൽ റോഡിന്റെ നിർമാണം അശാസ്ത്രീയമാണെന്നും റോഡിലെ വെള്ളക്കെട്ടാണ് അപകടത്തിനിടയാക്കിയതെന്നും ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. റോഡിൽ കെട്ടികിടക്കുന്ന വെള്ളം മുമ്പും ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
എടവണ്ണ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും കലക്ടർ ഉറപ്പ് തന്നാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് നാട്ടുകാർ അറിയിച്ചു. ഇതോടെ സംസ്ഥാന പാതവഴിയുള്ള വാഹനങ്ങൾ വി.കെ.പടി വഴി കാവനൂരിലൂടെ പൊലീസ് കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു. സമരം നീണ്ടത്തോടെ ഏറനാട് ഡെപ്യൂട്ടി തഹസിൽദാർമാരും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വളവിൽ റോഡരികിലുള്ള സ്വകാര്യ ഭൂഉടമ റോഡിലെ വെള്ളം ഡ്രൈനേജ് വഴി കടത്തിവിടാൻ അനുമതി നൽകിയാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് കണ്ടതോടെ സമരപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഭൂഉടമയുമായി ചർച്ച നടത്തി. ചർച്ചക്കൊടുവിൽ സ്വകാര്യസ്ഥലത്തിൽ ഡ്രൈനേജ് നിർമിക്കാൻ ഭൂഉടമ സമ്മതിച്ചു.
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വൈകുന്നേരം 5.45 ഓടെ തന്നെ ജെ.സി.ബിയുടെ സഹായത്തോടെ സ്വകാര്യസ്ഥലത്തിലൂടെ ഡ്രൈനേജ് നിർമാണം തുടങ്ങി. ഇതോടെയാണ് വൈകീട്ട് 5.45ഓടെ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചത്. വഴിക്കടവ് മണിമൂളി സ്വദേശി കാരേങ്ങൽ വീട്ടിൽ യുനസ് സലാം (42) ആണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ഓട്ടോ മറിഞ്ഞ് മരിച്ചത്. യാത്രക്കാരുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുന്നതിനിടെ റോഡിലെ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.