എടവണ്ണപ്പാറ ജങ്ഷനിലെ അപകടം; സുരക്ഷ നടപടികൾ ഉടൻ
text_fieldsഎടവണ്ണപ്പാറ: അപകടം തുടർക്കഥയായ എടവണ്ണപ്പാറ ജങ്ഷനിൽ അപകടം കുറക്കാനുള്ള സുരക്ഷാ നടപടികൾക്ക് തുടക്കമായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് സംവിധാനിച്ച സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായ വാർത്ത നേരത്തെ ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാൻ സാധിക്കാത്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
പൊതുമരാമത്ത് റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ജങ്ഷനിലെ നാല് റോഡുകളിലും വേഗത കുറക്കാനുള്ള റംപിൾ സ്ട്രിപ്പ്, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടർ സ്ട്രിപ്പുകൾ എന്നിവ അടിയന്തിരമായി സ്ഥാപിക്കാനാണ് നടപടിയായത്. ഒരാഴ്ചക്കകം നടപ്പാക്കും. അപകടം ഉണ്ടായതിനെത്തുടർന്ന് മന്ത്രിക്കും പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും കത്ത് നൽകുകയും ശനിയാഴ്ച ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നു.
കൊണ്ടോട്ടി-എവേണ്ണപ്പാറ-അരീക്കോട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിയിൽ ജങ്ഷൻ വീതി കൂട്ടാനും പദ്ധതിയുണ്ട്. മണ്ഡലത്തിലെ വിവിധ റോഡുകളിൽ വിദ്യാലയങ്ങൾക്ക് സമീപവും ജങ്ഷനുകളിലും മുന്നറിയിപ്പ് ബോർഡുകൾ വെക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. 79 സ്ഥലത്താണ് സ്ഥാപിക്കുക.
അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് പ്രദേശങ്ങളിൽനിന്നുമുള്ള റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ അടുത്ത കാലത്തായി ഗതാഗതക്കുരുക്കും അപകടവും വർധിക്കുകയാണ്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്ഷനിൽ നടന്നത്.
എളമരം പാലവും കൂളിമാടുകടവ് പാലവും തുറന്നുകൊടുത്തതോടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ ക്രമാതീതമായി കൂടിയതാണ് എടവണ്ണപ്പാറ ജങ്ഷനിൽ തിരക്കേറാൻ കാരണമായത്. കോഴിക്കോട് ജില്ലയിലേക്കും തിരിച്ചുമുള്ള ട്രക്കുകൾ അതിവേഗതയിലാണ് ഇതിലെ കടന്നുപോകുന്നത്.
തിങ്കളാഴ്ച പുലർച്ചെ നാലോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സുൽത്താൻബത്തേരിയിലേക്ക് പോകുകയായിരുന്ന ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തിൽ ബത്തേരി സ്വദേശി സഞ്ജയ് (19) സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിദ്യാർഥി ഗുരുതരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.