ചീക്കോട് മേപ്പറ്റ മലയിൽ വീണ്ടും അനധികൃത ചെങ്കൽഖനനം
text_fieldsഎടവണ്ണപ്പാറ: ചീക്കോട് മേപ്പറ്റ മലയിൽ വീണ്ടും അനധികൃത ചെങ്കൽഖനനം. പ്രദേശവാസികളുടെയും സമരസമിതിയുടെയും ശക്തമായ ചെറുത്തുനിൽപിെൻറ ഫലമായി ഒരുവർഷമായി നിർത്തിവെച്ചിരുന്ന ഖനനമാണ് വീണ്ടും ആരംഭിച്ചത്.
ചീക്കോട് പഞ്ചായത്തിലെ ഉയരം കൂടിയ മലയും ഓമാനൂർ, മുണ്ടക്കൽ, ചീക്കോട്, പറപ്പൂർ എന്നീ പ്രദേശങ്ങളിലെ ജലസ്രോതസ്സിെൻറ മുഖ്യ ഉറവിടവുമായ മേപ്പറ്റ മലയിൽ രണ്ട് വർഷം മുമ്പ് സ്വകാര്യ വ്യക്തി ആരംഭിച്ച ചെങ്കൽ ഖനനം കോടതി ഇടപെട്ട് തടഞ്ഞിരുന്നു. കോടതി നിയമിച്ച സ്പെഷൽ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ, മലയുടെ താഴ്വാരത്ത് താമസിക്കുന്ന 50ഓളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും അതീവ ഭീഷണിയുണ്ടെന്നും മലക്ക് ആഴത്തിലുള്ള വിള്ളലുണ്ടെന്നും പരസ്പരം ബന്ധിതമല്ലാതെ കിടക്കുന്ന ഭീമൻ പാറകളും താഴ്വാരത്ത് കൂടിയുള്ള മലയിൽ നിന്നുള്ള നീരൊഴുക്കും കാരണം മല പൊട്ടാൻ ഏറെ സാധ്യത ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും മലക്ക് താഴെ പുളിക്കലക്കണ്ടി കോളനിയിലെ താമസക്കാരെയും സമീപവാസികളെയും വില്ലേജ് ഓഫിസറും അധികൃതരും ഇടപെട്ട് 20 ദിവസം തൊട്ടടുത്ത ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചിരുന്നു. കമീഷൻ റിപ്പോർട്ടിൽ നവംബർ അഞ്ചിന് കോടതി തീർപ്പ് കൽപിക്കാനിരിക്കെയാണ് ക്വാറി മാഫിയ ധിറുതിപ്പെട്ട് ഖനനം പുനരാരംഭിച്ചത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലവും പട്ടികജാതി വിഭാഗത്തിെൻറ ശ്മശാനവും കൈയേറിയാണ് ഖനനസ്ഥലത്തേക്ക് മാഫിയ റോഡ് നിർമിച്ചത്. ഖനനത്തിനെതിരെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പ്രദേശവാസികളും സമരസമിതിയും പരാതി നൽകി. ഉടൻ നടപടി സ്വീകരിച്ചില്ലങ്കിൽ ഖനനം തടയൽ ഉൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മുന്നറിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.