കൂളിമാട് കടവ് പാലം: വിജിലൻസ് അന്വേഷണം പൂർത്തിയാക്കി നിർമാണം തുടങ്ങണമെന്ന്
text_fieldsഎടവണ്ണപ്പാറ: കൂളിമാട് കടവ് പാലം വിജിലൻസ് അന്വേഷണം പൂർത്തിയാക്കി നിർമാണം തുടങ്ങണമെന്നാവശ്യം. ബീമുകൾ ഉയർത്തുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറിനെ തുടർന്ന് ബീമുകൾ നിലം പതിച്ചതോടെ നിർത്തിവെച്ച കൂളിമാട് പാലം നിർമാണം വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ഉടൻ തുടങ്ങണമെന്നാണാവശ്യം.
കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്‍റെ മപ്രം ഭാഗത്തെ ബീമുകൾ ഉയർത്തുന്നതിനിടെയാണ് ബീമുകൾ തകരാനിടയായത്. കിഫ്ബിയും കെ.ആർ.എഫ്.ബിയും നടത്തിയ അന്വേഷണത്തിൽ ഹൈഡ്രോളിക് ജാക്കിക്കുണ്ടായ തകരാർ മൂലമാണ് ബീമുകൾ തകരാനിടയായതെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനായി ക്യൂബ് ടെസ്റ്റ്, അൾട്രാ സോണിക് ടെസ്റ്റ് എന്നിവയും നടത്തി.
തിരുവനന്തപുരം വിജിലിൻസ് വിഭാഗത്തിലെ ഡെപ്യൂട്ടി എൻജിനീയർ അൻസാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലം സന്ദർശിച്ചു. പാലത്തിന്‍റെ മറ്റു ഭാഗങ്ങൾക്ക് ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും ഹൈഡ്രോളിക് ജാക്കിയിലെ തകരാറാണ് ബീമുകൾ വീഴാനുണ്ടായ കാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തകർന്ന മൂന്ന് ബീമുകൾ മാറ്റി വെക്കുന്നതിനായി കൊച്ചിയിൽനിന്ന് ക്രെയിൻ എത്തിയിരുന്നു. എന്നാൽ, വിജിലൻസ് അന്വേഷണം പൂർത്തിയാവാത്തതിനാൽ ബീമുകൾ മാറ്റുന്ന ജോലികൾ നിർത്തിവെക്കുകയാണുണ്ടായത്.
രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കുമെന്നും കുളിമാട് പാലം നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ജൂൺ അവസാനത്തോടെ കൂളിമാട് പാലം പൊതുഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.