ചാലിയാറിലെ കടത്ത് സർവിസ്: ഓർമയിലേക്ക്
text_fieldsഎടവണ്ണപ്പാറ: പതിറ്റാണ്ടുകളുടെ ചരിത്രമുള്ള എളമരം കടവിലെ കടത്തുതോണിയും ബോട്ട് സർവിസും തിങ്കളാഴ്ച മുതൽ ചരിത്രത്തിന്‍റെ ഭാഗമാകും. തിങ്കളാഴ്ച എളമരം കടവിൽ പുതിയ പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെയാണ് കടത്തുകാരന്റെ തുഴയും ചാലിയാറിന്റെ ഓളങ്ങളുടെ കലപില ശബ്ദവും ഓർമകളായി മാറുക.
കുത്തൊഴുക്ക് കൂടിയ ഈ കടവിൽ കടത്തുതോണിയിൽ ശ്വാസം അടക്കി യാത്രചെയ്തിരുന്ന പഴയകാലം ഓർത്തെടുക്കുന്ന പ്രായം ചെന്ന കാരണവന്മാർക്ക് പറയാൻ ഒത്തിരി കഥകളുണ്ട്. പാറപ്പുറത്ത് അബു, കെ.പി.എം. കുട്ടി കൂളിമാട്, അപ്പാട്ട് ഉമ്മർ, ചെറിയമംഗലത്ത് ഉസൈൻ, സി.കെ. കരീം, അബ്ദുറഹിമാൻ എന്നിങ്ങനെ കടത്തുകാരിൽ പലരുടെയും പേരുകളും ഇവർ ഓർത്തെടുക്കുന്നു. കടത്തുകൂലി അഞ്ചുപൈസയിൽ തുടങ്ങി അഞ്ചുരൂപ വരെ നൽകിയിട്ടുണ്ട്.
പുഴക്ക് അക്കരെ മാവൂരിൽ ഗ്വാളിയോർ റയോൺസ് പൾപ്പ്-ഫൈബർ ഫാക്ടറികൾ സ്ഥാപിതമായതോടെ എളമരം കടവിൽ കടത്തുതോണിയുടെ സാന്നിധ്യം സജീവമായിരുന്നു. കാലമെറെ കഴിഞ്ഞപ്പോൾ കടത്തുതോണികൾ യന്ത്രവത്കൃത ബോട്ടുകൾക്ക് വഴിമാറിക്കൊടുത്തു. ചാലിയത്തുനിന്നുള്ള ബീരാൻ ഹാജി, അബൂബക്കർ എന്നിവരിൽ തുടങ്ങി കെ.ടി. റസാഖിൽ എത്തിനിൽക്കുന്ന ഒത്തിരിപേർ രംഗത്തുണ്ടായിരുന്നു. 15 വർഷമായി എളമരം കടവിൽ സർവിസ് നടത്തിയിരുന്ന യന്ത്രവത്കൃത ബോട്ട് വാഴയൂർ-പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലിയാറിലെ വെള്ളായിക്കോട് കടവിലേക്ക് സ്ഥലം മാറുകയാണ്.
ചാലിയാറിലെ പല കടവുകളിലും പലകാരണങ്ങളാൽ പലപ്പോഴായി കടത്ത് സർവിസ് തടസ്സം നേരിട്ടപ്പോഴും എളമരം കടവിലെ ബോട്ട് സർവിസിന് മുടക്കമുണ്ടായിരുന്നില്ല. 2019ലെ പ്രളയസമയത്ത് ചാലിയാർ കരകവിഞ്ഞ് രൗദ്രരൂപം പൂണ്ട സമയത്ത് മൂന്ന് ദിവസം മാത്രമാണ് ബോട്ട് സർവിസ് നിർത്തിവെച്ചത്. ഏറ്റെടുത്ത ജോലിയോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണ് കടത്തുകാരെ ഇതിന് പ്രേരിപ്പിച്ചത്.ഗ്വാളിയോർ റയോൺസിലെ ട്രേഡ് യൂനിയൻ നേതാക്കന്മാരായി ഏറിയ കാലം പ്രവർത്തിച്ച നിലവിലെ പാർലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീറും എളമരം കരീമും ഇതുവഴിയായിരുന്നു മാവൂരിൽ പോയിവന്നിരുന്നത്. ചാലിയാറിൽ വെള്ളമിറക്ക സമയത്ത് ഉടുമുണ്ട് അഴിച്ച് തലയിൽ കെട്ടി പുഴയിലൂടെ അക്കരെ ഇക്കരെ നടന്ന് പോയവരാണ് ഇരുവരും.
ചരിത്ര നിയോഗമെന്നോണം എളമരം കടവ് പാലം യാഥാർഥ്യമാക്കാൻ പ്രവർത്തിച്ചവരിൽ ഈ രണ്ട് നേതാക്കളും മുൻ നിരയിൽതന്നെ ഉണ്ടായിരുന്നെന്നതാണ് സത്യം. ഉദ്ഘാടനവേളയിലും ഇവരുടെ സാന്നിധ്യം ഉറപ്പാക്കി സംഘാടകരും രംഗത്തുണ്ട്.
ചാലിയാറിന്റെ ഇക്കരെ എളമരം പ്രദേശത്തുനിന്ന് സ്ഥിരമായി നോക്കിക്കാണുന്ന ചാലിയാറിന്റെ മറുകരയായ മാവൂരിൽ എത്തിപ്പെടാൻ ഇനി നിമിഷങ്ങൾ മതിയാവും. ഇതുവരെയും എളമരത്തുകാർ എടവണ്ണപ്പാറ, വാഴക്കാട്, ഊർക്കടവ്, ചെറൂപ്പ പ്രദേശങ്ങൾ ചുറ്റി ഏറെ സമയം ചെലവഴിച്ചാണ് മാവൂരിൽ പോയിവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.