സിഗ്നൽ തകർന്നിട്ട് മാസങ്ങൾ; അപകടം തുടർക്കഥയായി എടവണ്ണപ്പാറ ജങ്ഷൻ
text_fieldsഎടവണ്ണപ്പാറ: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച എടവണ്ണപ്പാറ ജങ്ഷൻ സിഗ്നൽ സംവിധാനം പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് പ്രദേശങ്ങളിൽ നിന്നുമുള്ള റോഡുകൾ സംഗമിക്കുന്ന ഈ ജങ്ഷനിൽ അടുത്ത കാലത്തായി ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്. എളമരം പാലവും കൂളിമാട് കടവ് പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ ക്രമാതീതമായി കൂടിയതാണ് എടവണ്ണപ്പാറ ജങ്ഷനിൽ തിരക്ക് വർധിക്കാൻ കാരണമായത്.
ട്രക്കുകൾ ജങ്ഷൻ ആണെന്നറിയാതെ ഇവിടെ അതിവേഗതയിലാണ് കടന്നുപോകുന്നത്. ചെറുവാഹനങ്ങളും കാൽനടക്കാരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. രാത്രി 11 മുതൽ രാവിലെ ആറു വരെയാണ് അപകട സാധ്യത കൂടുതൽ. ദീർഘദൂര യാത്രക്കാർ ജങ്ഷൻ ശ്രദ്ധിക്കാതെ വേഗത്തിൽ പോകുന്നതാണ് അപകടത്തിന് കാരണമാവുന്നത്. വേഗത്തിൽ സിഗ്നൽ സംവിധാനം നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.