തള്ളാൻ വരട്ടെ... പണി കിട്ടും, മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്ക് എടയൂർ ഗ്രാമപഞ്ചായത്ത്
text_fieldsപൂക്കാട്ടിരി: എടയൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മിനി എം.സി.എഫിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ നടപടിയുമായി അധികൃതർ. ഹരിതകർമ സേന വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം താൽക്കാലികമായി മിനി എം.സി.എഫിലാണ് സൂക്ഷിക്കുന്നത്. ഹരിത കർമ സേനയുടെ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ ഖര മാലിന്യം അവർക്ക് നൽകാതെ പരിസരങ്ങളിലും പൊതുയിടങ്ങളിലും തള്ളുന്നത് പതിവാണ്.
മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അത്തിപ്പറ്റയിൽ സ്ഥാപിച്ച മിനി എം.സി.എഫ് പരിസരത്ത് കഴിഞ്ഞദിവസം മാലിന്യം തള്ളി. മാലിന്യം ഹരിത കർമ സേനയുടെ നേതൃത്വത്തിൽ തരംതിരിച്ച് പരിശോധിച്ചു. ഇതിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വ്യക്തികളോട് വിശദീകരണം ചോദിക്കുകയും മേലിൽ ഇത്തരം നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് തരംതിരിച്ച മാലിന്യം എം.സി.എഫിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.