വെള്ളക്കെട്ടും ചളിയും നിറഞ്ഞ് എടയൂർ വായനശാല-മാവണ്ടിയൂർ റോഡ്
text_fieldsഎടയൂർ: കാൽനടയാത്ര പോലും ദുഷ്കരമായി എടയൂർ വായനശാല -മാവണ്ടിയൂർ റോഡ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴ പെയ്തതോടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്.
ഒരുവശത്ത് ചാലുകീറി കുടിവെള്ള പൈപ്പ് ലൈൻ ഇട്ടിട്ടുണ്ട്. മഴ പെയ്തതോടെ ഇളകിയ മണ്ണ് ഒലിച്ചിറങ്ങി റോഡാകെ ചളിക്കളമായി. വെള്ളക്കെട്ടും ചളിയും കാരണം ഏറെ പ്രയാസപ്പെടുന്നത് മാവണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഇതുവഴി നടന്നുപോകുന്ന കുട്ടികളാണ്. വടക്കുംപുറം കെ.വി.യു.പി, എടയൂർ എസ്.വി.എൽ.പി, എടയൂർ നോർത്ത് എ.എം.എൽ.പി തുടങ്ങിയ സ്കൂളിലേക്ക് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഈ റോഡുവഴി ബസുകൾ സർവിസ് നടത്തുന്നുണ്ട്. വെള്ളക്കെട്ടും ചളിയും കാരണം ഇതുവഴി ഇരുചക്രവാഹനങ്ങൾ പ്രയാസപ്പെട്ടാണ് പോവുന്നത്.
തിണ്ടലം കൂരിയാൽ ജങ്ഷൻ മുതൽ മാവണ്ടിയൂർ ഹൈസ്കൂൾ റോഡ് വരെ ജില്ല പഞ്ചായത്തിന്റെ അധീനതയിലും ശേഷിക്കുന്ന എടയൂർ വായനശാല വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുമാണ് റോഡ്. തിണ്ടലം കൂരിയാൽ ജങ്ഷൻ മുതൽ മാവണ്ടിയൂരിന്റെ ഒരു ഭാഗം വരെ 20 ലക്ഷം രൂപ ചെലവഴിച്ച് ജില്ല പഞ്ചായത്ത് അടുത്തകാലത്ത് നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന കുറച്ച് ഭാഗം കൂടി നവീകരിക്കണമെങ്കിൽ ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തണം.
മാവണ്ടിയൂർ ഹൈസ്കൂൾ മുതൽ എടയൂർ വായനശാല വരെ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചാൽ മാത്രമേ നവീകരണം പൂർത്തിയാവുകയുള്ളൂ. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ റോഡിന്റെ ഇരുവശത്തും പൂർത്തിയായാൽ മാത്രമേ പൊതുമരാമത്ത് വകുപ്പിനും റോഡ് റീടാറിങ് ചെയ്യാൻ സാധിക്കുകയുള്ളൂ. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ വീടിന് സമീപവും മഴ പെയ്താൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്.
നിലവിൽ രാവിലെയും വൈകീട്ടും മാത്രം ഈ റോഡുവഴി ബസുകൾ ഓരോ ട്രിപ്പ് പോകുന്നുണ്ട്. റോഡ് മോശമായതിനാൽ അതും നിലക്കാൻ സാധ്യതയേറേയാണ്. റോഡിലെ കുഴികൾ താൽക്കാലികമായി അടക്കാൻ അടിയന്തരനടപടി സ്വീകരിച്ചാൽ മാത്രമേ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനടയാത്രയും ഗതാഗതവും സുഗമമാക്കാൻ സാധിക്കുകയുള്ളൂ. കാലവർഷമാരംഭിച്ചാൽ റോഡ് തകരുന്നതും പതിവാണ്.
ശോച്യാസ്ഥ ശാശ്വതമായി പരിഹരിക്കാൻ റബറൈസിങ് ഉൾപ്പെടെ അടിയന്തരനടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.