നോവായി ദൃശ്യ; കണ്ണീരുണങ്ങാതെ മുത്തശ്ശിയും അമ്മയും; സഹോദരി ആശുപത്രി വിട്ടു
text_fieldsപെരിന്തൽമണ്ണ: പഠിച്ച് വക്കീലാവണമെന്ന മോഹം ദൃശ്യയുടെ മനസ്സിലെത്തിയത് അമ്മ ദീപയുടെ േജ്യഷ്ഠത്തിയുടെ ഭർത്താവിൽ നിന്നാണ്. താൽപര്യം അങ്ങനെയാണെങ്കിൽ മകൾ പഠിച്ച് വക്കീലാവട്ടെ എന്ന് അച്ഛൻ ബാലചന്ദ്രനും തീരുമാനിച്ചു. കുടുംബത്തിൽ നിന്നൊരാൾ വക്കീലായി കാണണമെന്ന് ദൃശ്യയുടെ ഇളയച്ഛൻമാരും വല്യച്ഛനും മറ്റു കുടുംബാംഗങ്ങളും ആഗ്രഹിച്ചു. ഒടുവിൽ എല്ലാം പൊലിഞ്ഞുപോയതിനെക്കുറിച്ച് ഇളയച്ഛൻ സുബ്രഹ്മണ്യൻ പറഞ്ഞപ്പോൾ പലവട്ടം വിതുമ്പി.
''കണ്ണീരു തോർന്നിട്ടില്ല, ഏടത്തിയമ്മയുടെയും ജ്യേഷ്ഠെൻറയും. നടന്നതൊന്നും വിശ്വസിക്കാനാവുന്നില്ല. കട കത്തിയതോ നഷ്ടങ്ങളുണ്ടായതോ ഒക്കെ സഹിക്കാം, ഞങ്ങളുടെ കുഞ്ഞിനെ തിരിച്ചു കിട്ടില്ലല്ലോ'' എന്നാണ് പ്രതി വിനീഷ് വിനോദിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ സുബ്രഹ്മണ്യൻ ചോദിച്ചത്. കൊലപാതകം തടയുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായ ദൃശ്യയുടെ സഹോദരി ദേവശ്രീ വെള്ളിയാഴ്ച ആശുപത്രി വിട്ടു. ആശുപത്രി വിടുന്നത് വരെ ചേച്ചിയുടെ മരണം പോലുമറിയിച്ചിരുന്നില്ല.
തെളിവെടുപ്പുവേളയും വീട്ടിൽ ഹൃദയഭേദകമായിരുന്നു. തിരക്കുകളൊന്നുമില്ലാതെ തനിച്ച് അയാളെയൊന്ന് കാണാൻ വഴിയുണ്ടോ എന്ന് ദൃശ്യയുടെ മുത്തശ്ശി രുഗ്മിണിയമ്മ അന്വേഷിച്ചിരുന്നു. വിശദമായ തെളിവെടുപ്പിനിടെ പ്രതിയെ വീട്ടുകാർക്കായി പൊലീസ് കാണിക്കുകയും ചെയ്തു.
വ്യാഴാഴ്ച വീട്ടിൽ സാന്ത്വനിപ്പിക്കാനെത്തിയ നജീബ് കാന്തപുരം എം.എൽഎ അടക്കമുള്ളവരെ കണ്ടപ്പോഴും മുത്തശ്ശി പൊട്ടിക്കരഞ്ഞു. സുഹൃത്തുക്കളും സഹപ്രവർത്തകരും ആശ്വാസവാക്കുകളുമായി എത്തി കൂടെ നിന്നതോടെ ബാലചന്ദ്രൻ സമനില വീണ്ടെടുത്തെങ്കിലും മകളുടെ കൊലപാതകത്തിന് ഭാഗികമായെങ്കിലും സാക്ഷിയായ അമ്മ ദീപക്ക് ഇപ്പോഴും കണ്ണീരു തോർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.