ഹിമയുടെ കത്ത് തുണയായി; കുന്നക്കാവ് ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം
text_fieldsഏലംകുളം: കുന്നക്കാവ് ഗവ. എൽ.പി സ്കൂളിെൻറ പുതിയ കെട്ടിടത്തിന് സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. ഇതിലേറെ സന്തോഷത്തിലാണ് ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന ഹിമ എന്ന വിദ്യാർഥിനി. കുന്നക്കാവ് എൽ.പി സ്കൂളിൽ നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് താൻ എഴുതിയ കത്ത് സ്കൂളിെൻറ വികസനത്തിന് വഴിതുറന്നതാണ് സന്തോഷത്തിന് കാരണം.
നാലു വർഷം മുമ്പ് പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി മുഖ്യമന്ത്രി വിദ്യാർഥികൾക്ക് കത്ത് എഴുതുകയും ഇത് സ്കൂൾ അസംബ്ലികളിൽ വായിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളോട് മുഖ്യമന്ത്രിക്ക് കത്തെഴുതാനും ആവശ്യപ്പെടുകയുണ്ടായി. ഇതിെൻറ അടിസ്ഥാനത്തിൽ എഴുതിയ കത്തിലാണ് സ്കൂളിന് സൗകര്യങ്ങളുള്ള ക്ലാസ് മുറികളും കളിസ്ഥലവും വേണമെന്ന് ഹിമ ആവശ്യപ്പെട്ടത്.
ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വളർന്നുവരുന്ന ഓരോ കുട്ടിക്കും വിശാലമായ ലോകത്തിലേക്ക് പറന്നുയരാൻ സൗകര്യമൊരുക്കുകയാണ് പൊതു സമൂഹത്തിെൻറ കടമയെന്നും എല്ലാ പൊതു വിദ്യാലയങ്ങളും മെച്ചപ്പെടുത്താൻ സർക്കാർ പരിപാടികൾ ആരംഭിച്ചതായും അറിയിച്ചിരുന്നു. സ്കൂൾ വികസനം സംബന്ധിച്ച് കലക്ടറോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. കുന്നക്കാവ് എൽ.പി സ്കൂളിെൻറ നവീകരണത്തിനായി 2019 -20 ബജിൽ 74.16 ലക്ഷം രൂപ വകയിരുത്തുകയുമുണ്ടായി.
കോവിഡ് പ്രതിസന്ധിയും മറ്റുമായി നടപടികളിൽ അൽപം കാലതാമസം നേരിട്ടു. രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് നിർമിക്കുന്നത്. പ്രീ പ്രൈമറിയടക്കം ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിെൻറ വികസനത്തിൽ പുതിയ കെട്ടിടം മുതൽക്കൂട്ടാവുമെങ്കിലും പുതിയ ക്ലാസ് മുറികൾ ഇനിയും വേണ്ടതുണ്ട്. ശിലാസ്ഥാപന ചടങ്ങ് ഭംഗിയാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഹിമ ഏലംകുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ പി. ഗോവിന്ദ പ്രസാദ് -ലീലാവതി ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.