തനിച്ച് താമസിച്ച വയോധിക തലക്കടിയേറ്റ് മരിച്ച സംഭവം: അന്വേഷണം ഊർജിതം
text_fieldsകുറ്റിപ്പുറം: തനിച്ച് താമസിച്ച വയോധിക തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നടുവട്ടം വെള്ളാറമ്പ് സ്വദേശിനി കുഞ്ഞിപ്പാത്തുമ്മയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്ക് ആഴമേറിയ നാല് മുറിവുകൾ സംഭവിച്ചിട്ടുണ്ട്. മാരക ആയുധനങ്ങൾ കൊണ്ട് ഏറ്റ മുറിവാണ് തലക്ക് സംഭവിച്ചത്.
ശനിയാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ വയോധികയുടെ വീട്ടിൽനിന്ന് 2,60,000 രൂപ കണ്ടെടുത്തു. പല ചെറിയ പഴ്സുകളിലായി സൂക്ഷിച്ച തുകയാണ് കണ്ടെടുത്തത്. ഇവർ പലയിടത്തുനിന്ന് ഭിക്ഷാടനം നടത്തി കാലങ്ങളായി സ്വരൂക്കൂട്ടി വെച്ച തുകയാണ് ഇതെന്നാണ് പൊലീസ് നിഗമനം. ഈ പണം ലക്ഷ്യം വെച്ചാണോ കൊലപാതകം നടന്നതെന്ന അന്വേഷണത്തിലാണ്. 50 സെൻറ് സ്ഥലത്ത് ഒറ്റക്കായിരുന്നു കുഞ്ഞിപ്പാത്തുമ്മ താമസിച്ചിരുന്നത്.
ബന്ധുക്കൾ ആരും അയൽപക്കത്തൊന്നും താമസിക്കുന്നില്ല. അതിനാൽ ഇവരുടെ കൈവശം എത്ര രൂപയുണ്ടായിരുന്നെന്നോ വീട്ടിൽനിന്ന് പണമെന്തങ്കിലും നഷ്ടപ്പെട്ടെന്നോ ആർക്കും അറിയില്ല. സംഭവദിവസം രാത്രി ഒന്നരയോടെ നിലവിളി ശബ്ദം കേട്ടതായി ചില അയൽവാസികൾ മൊഴി നൽകി.
കൊലപാതകം നടന്ന ഓടുമേഞ്ഞ വീട്ടിൽ വൈദ്യുതിയില്ല. ഇത് കൊലപാതകിക്ക് സഹായകരമായെന്നാണ് പൊലീസ് നിഗമനം. ഉൾപ്രദേശമായതിനാൽ പുറത്തുനിന്ന് ആരെങ്കിലും വാഹനത്തിൽ എത്തിയാൽ അയൽവാസികൾ തിരിച്ചറിയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനാൽ പ്രദേശവാസികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. 15 പേരെ പൊലീസ് ചോദ്യം ചെയ്തു.
പോസ്റ്റ്മോർട്ടത്തിനുശേഷം മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി കാട്ടിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വളാഞ്ചേരി സി.ഐ സമീറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തോടെ അയൽവാസിയായ സ്ത്രീയാണ് കുഞ്ഞിപ്പാത്തുമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.