‘‘എം.എക്കാരാ മയമാലി... അന്നെ ഞമ്മള് പൊട്ടിക്കും’’
text_fieldsപരപ്പനങ്ങാടി: ‘‘അലീഗഢിൽനിന്ന് എം.എയെടുത്തോൻ.... ബാപ്പ പറഞ്ഞത് കേക്കാതെ.... ലീഗിന് നേരെ പോരിന് വന്ന എം.എക്കാരാ മയമാലി... അന്നെ ഞമ്മള് പൊട്ടിക്കും’’. 1971ൽ അന്നത്തെ മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെതിരെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി തോണി ചിഹ്നത്തിൽ അങ്കത്തിനിറങ്ങിയ പ്രഫ. ഇ.പി. മുഹമ്മദലിക്ക് നേരെ ലീഗ് പ്രവർത്തകർ വിളിച്ച മുദ്രാവാക്യമാണിത്. അന്ന് അലീഗഢ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി വന്ന മുസ്ലിം വിദ്യാർഥിയെന്ന നിലയിൽ ഇ.പി. മുഹമ്മദലി നാട്ടിലുടനീളം ആദരിക്കപ്പെടുന്ന കാലമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതോടെ കഥ മാറി. എം.എ എടുത്തതും മഹാ അപരാധമായയോ എന്നദ്ദേഹം ചിന്തിച്ചുപോയി. അക്കാലത്ത് സി.പി.ഐ, കോൺഗ്രസ്, ലീഗ് സഖ്യമാണ് സി.പി.എമ്മിനെ നേരിട്ടത്. സി.പി.ഐ യുടെ മുതിർന്ന നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പിതാവ് കോയക്കുഞ്ഞി നഹ മണ്ഡലത്തിലുടനീളം സഞ്ചരിച്ച് മകനെതിരെ ഖാഇദെ മില്ലത്തിന് വേണ്ടി പ്രസംഗിക്കുന്നു.
മുഹമ്മദലിക്ക് വേണ്ടി മണ്ഡലം നിറഞ്ഞ് നിന്നിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുടെയും, പാലോളി മുഹമ്മദ് കുട്ടിയുടെയും പ്രസംഗങ്ങളെ മറികടക്കാൻ ഇടത് സ്ഥാനാർഥിയുടെ പിതാവിനെ തന്നെ പരമാവധി സ്റ്റേജുകളിലെത്തിക്കുകയായിരുന്നു ലീഗുകാർ. ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾക്കിടയിൽ കോയക്കുഞ്ഞി നഹ നൂഹ് നബിയുടെ ചരിത്രം ഓർമിപ്പിച്ചു. ബാപ്പ പറഞ്ഞത് കേൾക്കാത്ത നൂഹ് നബി യുടെ മകന് പറ്റിയ ദുരന്തം ഓർമപ്പെടുത്തി. അതോടെ ലീഗുകാർ ആവേശം കൊണ്ട് ആർത്തുവിളിച്ചു- ‘‘ബാപ്പ പറഞ്ഞത് കേൾക്കാത്തോനെ.. അന്നെ ഞമ്മള് പൊട്ടിക്കും’’.
നാമനിർദേശ പത്രിക നൽകി തിരിച്ചുപോയ ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബ് മണ്ഡലം കാണാതെ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും ഇന്നും പ്രഫ. ഇ. പി. മുഹമ്മദലി ആ പോരാട്ടനിമിഷങ്ങൾ മറക്കുന്നില്ല. സി.പി.എം ജലന്തർ പാർട്ടി കോൺഗ്രസിൽ സംസാരിക്കവെ സ്വതന്ത്ര കേരള വാദത്തിന് ആവശ്യമുന്നയിച്ച നേതാവാണ് ഇദ്ദേഹം. അധികം താമസിയാതെ പാർട്ടി വിട്ട് സി.പി.ഐയിലെത്തി. ഇതോടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും കമ്യൂണിസ്റ്റ് പോരാളികളുടെയും ഒളിത്താവളമായിരുന്ന പരപ്പനങ്ങാടിയിലെ മലയമ്പാട് തറവാട് ജില്ലയിലെ സി.പി.ഐയുടെ ഈറ്റില്ലമായി. 1987ൽ ബന്ധുവായ ലീഗ് നേതാവ് സി.പി. കുഞ്ഞാലിക്കുട്ടിക്കേയിക്കെതിരെ നിയമസഭയിലേക്ക് സി.പി.ഐ ടിക്കറ്റിൽ തിരൂരങ്ങാടിയിൽനിന്ന് പ്രഫ. ഇ.പി. മുഹമ്മദലി ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചു. 1996ൽ പി.എസ്.സി അംഗമായി. ഇപ്പോൾ 85 വയസായി. സമ്പൂർണ വിശ്രമത്തിലും രാഷ്ട്രീയം പറയാനും വിപ്ലവം തുടിച്ച ഇന്നലെകളെ ഓർത്ത് ചിരിക്കാനും ഇ.പി. മുഹമ്മദലിക്ക് നല്ല ആരോഗ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.