വൈദ്യുതി ചാർജ് അടച്ചില്ല; വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്റെ ഫ്യൂസ് ഊരി
text_fieldsവേങ്ങര: വൈദ്യുതി ചാർജ് അടക്കാത്തതിനാൽ വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ ഊരി. വെള്ളവും വെട്ടവുമില്ലാതെ 13 ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്ന സ്കൂൾ അധികൃതരും ദുരിതത്തിലായി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് വർഷങ്ങളായി കെട്ടിടമുടമക്ക് വാടക നൽകാത്തതിനാൽ കുടിയിറക്കൽ ഭീഷണിയിലാണ്.
അഞ്ച് വർഷമായി വാടക നൽകാത്തതിനാൽ എപ്പോഴും ഇറങ്ങിപ്പോരേണ്ടുന്ന അവസ്ഥയിലാണ് വൈദ്യുതിയും നിലച്ചത്. മൂന്നു ദിവസമായി ഓഫിസിലെ കമ്പ്യൂട്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ബുധനാഴ്ചയും ഈ സ്ഥിതി തുടർന്നാൽ ഓഫിസിലെ എല്ലാ പ്രവർത്തനവും നിലക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഫാനോ ടോയ്ലറ്റിൽ വെള്ളമോ ഇല്ലാതെ വനിത ജീവനക്കാർ ഉൾപ്പെടെ കഷ്ടത്തിലായി. സാധാരണ മലപ്പുറം ഡി.ഡി.ഇ ഓഫിസിൽ നിന്നാണ് വിദ്യാഭ്യാസ ഓഫിസുകളുടെ വൈദ്യുതി ബില്ലുകൾ അടക്കാറുള്ളത്. എന്നാൽ, സർക്കാറിന്റെ സാമ്പത്തിക ഞെരുക്കം കാരണം ഫണ്ട് അനുവദിക്കാത്തതാണ് കറന്റ് ബില്ല് അടക്കാൻ വൈകുന്നതെന്നറിയുന്നു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങരയിലെ വിദ്യാഭ്യാസ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം കുടിയൊഴിപ്പിക്കൽ ഭീഷണിയിലായിട്ട് വർഷങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല. പ്രതിമാസം 4859 രൂപ നിരക്കിൽ 2019 ജനുവരി മുതൽ വാടകയിനത്തിൽ നാല് ലക്ഷത്തോളം രൂപ വാടക കുടിശ്ശികയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.