ആന എഴുന്നള്ളിപ്പ് വ്യവസ്ഥകൾ കർശനമാക്കി
text_fieldsമലപ്പുറം: നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ ജില്ലതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്.
പ്രധാന നിർദേശങ്ങൾ: ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള, ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി.ജെ എന്നിവ അവക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ നിരോധിച്ചു. ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർഥം, പാപ്പാന്മാർ ആനക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം അതിന്റെ തല ഉയർത്തി പിടിപ്പിച്ച് പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദേശം നൽകി.
അഞ്ചും അഞ്ചിലധികവും ആനകളെ ഉപയോഗിച്ച് ഉത്സവത്തിന് അനുമതിയുള്ള കമ്മിറ്റികൾ ഒരാഴ്ച മുമ്പായി പൊലീസ്, ബന്ധപ്പെട്ട വെറ്ററിനറി ഓഫിസർ, വില്ലേജ് ഓഫിസർ, സോഷ്യൽ ഫോറസ്ട്രി,ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ, ഉത്സവ കമ്മിറ്റി അംഗങ്ങൾ (പ്രസിഡന്റ്/സെക്രട്ടറി, വേലക്കമ്മിറ്റി/വരവ്/വേല കമ്മിറ്റി പ്രതിനിധികൾ) എന്നിവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സംയുക്ത യോഗം ചേർന്ന് നാട്ടാന പരിപാലന ചട്ടം ഫലവത്തായി നടപ്പാക്കാൻ നടപടി സ്വീകരിക്കണം.
എഴുന്നള്ളിക്കുന്ന ആനകളുടെ, മുൻഭാഗത്ത് അഞ്ചു മീറ്ററിൽ കൂടുതലും പിൻഭാഗത്ത് ചുമരോ മറ്റോ ഇല്ലാത്ത പക്ഷം അവിടെയും അഞ്ചു മീറ്ററിൽ കൂടുതലും അകലം പാലിക്കാൻ ബാരിക്കേഡുകൾ, വടം എന്നിങ്ങനെയുള്ള അനുയോജ്യമായ സംവിധാനങ്ങൾ ഉത്സവ കമ്മിറ്റികൾ ഒരുക്കണം. പ്രത്യേകമായുള്ള സ്ഥലത്ത് പാപ്പാൻമാർക്കും കാവടികൾക്കും മാത്രമേ പ്രവേശനാനുമതിയുള്ളു. ആരാധനാലയങ്ങളിൽ നടക്കുന്ന ആന എഴുന്നള്ളിപ്പുകൾക്കുള്ള അപേക്ഷകൾ ഉത്സവത്തിന്റെ ഒരു മാസം മുമ്പ് തന്നെ നൽകേണ്ടതും, അതത് മാസം ചേരുന്ന ജില്ല മോണിറ്ററിങ് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമാക്കേണ്ടതുമാണ്.
തുടർച്ചയായി രണ്ടുപ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള നടപടികൾ മൂലം ആനയിടഞ്ഞ് പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തിലും, ചട്ടത്തിന് വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ ആനകളെ എഴുന്നള്ളിച്ചാലും മറ്റും കേസ് എടുക്കുന്ന സാഹചര്യമുണ്ടായാൽ പ്രസ്തുത ആഘോഷങ്ങളിൽ ആന എഴുന്നള്ളിപ്പ് വിലക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.