വനം ഭൂമി കൈയേറ്റം; ഈസ്റ്റേൺ സർക്കിൾ രണ്ടാമത്
text_fieldsമലപ്പുറം: സംസ്ഥാനത്ത് വനം ഭൂമി കൈയേറ്റത്തിൽ നിലമ്പൂർ ഉൾപ്പെട്ട പാലക്കാട് ഈസ്റ്റേൺ സർക്കിൾ രണ്ടാമത്. 1,570.50 ഹെക്ടറാണ് കൈയേറ്റമുള്ളത്. വനം വകുപ്പിന്റെ കണക്ക് പ്രകാരം ഈസ്റ്റേൺ സർക്കിളിലെ നിലമ്പൂർ നോർത്ത് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കൈയേറ്റമുള്ളത് -657.87 ഹെക്ടർ. രണ്ടാമതുള്ള മണ്ണാർക്കാട് ഡിവിഷനിൽ 635.17 ഹെക്ടറും മൂന്നാമതുള്ള നെന്മറ ഡിവിഷനിൽ 237.65 ഹെക്ടറും കൈയേറ്റമുണ്ട്. പാലക്കാട് ഡിവിഷനിൽ 37.68 ഹെക്ടറുമുണ്ട്.
നിലമ്പൂർ സൗത്ത് ഡിവിഷനിലാണ് പട്ടികയിൽ ഏറ്റവും കുറവുള്ളത്. 2.12 ഹെക്ടറാണ് കൈയേറ്റം. 1961ലെ കേരള ഫോറസ്റ്റ് ആക്ട് പ്രകാരമാണ് വനഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നത്. എന്നാൽ അധികൃതരുടെ നടപടികൾ പതുക്കെ പോകുന്നത് കാരണമാണ് കൈയേറ്റം ഒഴിപ്പിക്കാൻ വൈകുന്നത്. 2021 മുതൽ മൂന്ന് വർഷത്തിനിടെ 6.0832 ഹെക്ടർ മാത്രമാണ് കൈയേറ്റം ഒഴിപ്പിപ്പിച്ചത്. കൂടാതെ വനാതിർത്തി നിർണയം പൂർത്തീകരിക്കാത്തതും പ്രശ്നത്തിന് കാരണമായിട്ടുണ്ട്.
ഈസ്റ്റേൺ സർക്കിളിലെ നിലമ്പൂർ നോർത്ത്, മണ്ണാർക്കാട്, പാലക്കാട്, നെന്മാറ ഡിവിഷനുകളിൽ അതിർത്തി നിർണയം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സതേൺ സർക്കിൾ, ഹൈറേഞ്ച് സർക്കിൾ, നോർത്തേൺ സർക്കിൾ, വൈൽഡ് ലൈഫ് പാലക്കാട്, കോട്ടയം ഫീൽഡ് ഡയറക്ടർ പ്രൊജക്ട് ടൈഗർ ഡിവിഷൻ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിവിടങ്ങളിലും നിർണയം പൂർത്തിയായിട്ടില്ല. നിയമ തടസ്സങ്ങളില്ലാത്ത മേഖലകളിലാണ് വനാതിർത്തി നിർണയം പൂർത്തീകരിക്കാനുള്ള നടപടികൾ നടന്ന് വരുന്നത്. കൂടാതെ സർവേ ആൻഡ് ഭൂരേഖ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേയിലൂടെ വനാതിർത്തി ഡിജിറ്റൈസേഷൻ ചെയ്യാനാകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പട്ടികയിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട കോട്ടയം ഹൈറേഞ്ച് സർക്കിളാണ് പട്ടികയിൽ ഒന്നാമതുള്ളത്. 1991.96 ഹെക്ടറാണ് കോട്ടയം സർക്കിളിലെ കൈയേറ്റം. കോട്ടയം ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ ഡിവിഷനിൽ 4.006 ഹെക്ടറിലാണ് കുറവ് കൈയേറ്റമുള്ളത്. തിരുവനന്തപുരത്തെ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഡിവിഷനിലാണ് ഇതുവരെ കൈയേറ്റം റിപ്പോർട്ട് ചെയ്യാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.