പുല്ലിപ്പുഴയിലെ കൈയേറ്റം; പരിശോധനയുമായി പഞ്ചായത്തും റവന്യൂ വകുപ്പും
text_fieldsചേലേമ്പ്ര: മലപ്പുറം-കോഴിക്കോട് ജില്ലകൾ അതിരിടുന്ന ചേലേമ്പ്ര പുല്ലിപ്പുഴയിലെ കൈയേറ്റം പരിശോധിക്കാനായി അതിർത്തി നിർണയിക്കുന്ന സർവേ നടപടികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും ചേർന്നാണ് പരിശോധന തുടങ്ങിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കൊണ്ടോട്ടി ഡെപ്യൂട്ടി താഹസിൽദാർ രാജേഷിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവുമാണ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. പുല്ലിക്കടവ് മുതൽ ആരണംകുഴി-മലയിൽ താഴം വരെയുള്ള പുല്ലിപ്പുഴയുടെ ഭാഗമാണ് സർവേ ചെയ്യാൻ സംയുക്ത പരിശോധനയിൽ ധാരണയായത്.
സർവേ നടപടികൾക്കായി കോഴിക്കോട് ജില്ലയിലെ ഫറോക്ക് വില്ലേജിലെ പുല്ലിപ്പുഴ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളുടെ എഫ്.എം.ബി സ്കെച്ചും തൊട്ടടുത്ത ഭൂവുടമകളുടെ വിവരങ്ങളും ലഭ്യമാക്കണം. ഇതിന് കൊണ്ടോട്ടി താഹസിൽദാർ മലപ്പുറം ജില്ല കലക്ടർ വഴി കോഴിക്കോട് ജില്ല കലക്ടർക്ക് കത്ത് നൽകി നടപടിക്രമങ്ങൾ പൂർത്തീകരിക്കും.
സർവേ നടപടികൾക്കായുള്ള ചെലവടക്കം ഡി.പി.ആർ തയാറാക്കി സർവേയർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. ചേലേമ്പ്ര വില്ലേജിൽ റിസർവേ പൂർത്തീകരിച്ച് അതിർത്തി നേരത്തേ നിജപ്പെടുത്തിയതിനാൽ കോഴിക്കോട് ജില്ല അതിർത്തി കണ്ടെത്താൻ ഏറെ തടസ്സങ്ങളില്ല.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് വില്ലേജിൽ റീസർവേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. പുഴയിൽ വ്യാപകമായ കൈയേറ്റമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
എന്നാൽ, പുല്ലിപ്പുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് സാൾട്ട് എക്സ്ക്ലൂഷൻ ചെക്ക് ഡാം പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി പുല്ലിക്കടവ് പാലത്തിന് സമീപം സർവേ നടത്തി ചെറുകിട ജലസേചന വിഭാഗം കല്ലിടുന്നത് ചില ഭൂവുടമകൾ അറിഞ്ഞില്ലെന്ന് പരാതിയുയർന്നതിനെ തുടർന്ന് സർവേ നടപടികൾ ഭൂവുടമകളെ ബോധ്യപ്പെടുത്തി രേഖാമൂലം കത്ത് നൽകി സർവേ നടത്താൻ സർവേ വിഭാഗത്തോട് പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സർവേ അടുത്ത ആഴ്ച നടക്കും.
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ജനപ്രതിനിധികളായ കെ.പി. അഫ്‌സത്ത് ബീവി, എം.കെ. മുഹമ്മദ് അസ്ലം, അസീസ് പാറയില്‍, അനിത സുനി, എൻ.കെ. ഷുക്കൂര്‍, കൊണ്ടോട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. രാജേഷ് കുമാര്‍, കൊണ്ടോട്ടി താലൂക്ക് സര്‍വേയര്‍ ഒ.എസ്. സജീവ്, ബേപ്പൂര്‍ ഹാര്‍ബര്‍ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. രാജേഷ്, ചെറുകിട ജലസേചന വകുപ്പ് എ.ഇ എം. മുര്‍ഷിദ തസ്ലിം, ഓവര്‍സിയര്‍ എം.പി. അസ്‌ന, വില്ലേജ് ഫീല്‍ഡ് ഓഫിസര്‍ പി.കെ. മനോജ്, ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് പി.യു. അനുഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.