കോട്ടപ്പടി വലിയതോട് കൈയേറ്റം കണ്ടെത്തൽ; സർവേ വേഗത്തിലാക്കാൻ മലപ്പുറം നഗരസഭ
text_fieldsമലപ്പുറം: കൈയേറ്റങ്ങൾ കണ്ടെത്താനായി കോട്ടപ്പടി വലിയതോട് സർവേ നടപടികൾ വേഗത്തിലാക്കാൻ മഞ്ചേരി താലൂക്ക് സർവേ വിഭാഗത്തോട് ആവശ്യപ്പെടാൻ ഒരുങ്ങി നഗരസഭ.
നഗരസഭ അധികൃതരും മലപ്പുറം, പാണക്കാട്, മേൽമുറി വില്ലേജ് ഓഫിസർമാരും സംയുക്തമായി ചേർന്ന യോഗ തീരുമാനപ്രകാരമാണ് നടപടി. ജൂലൈ അവസാനം പെയ്ത കനത്ത മഴയിൽ വലിയതോട്ടിലും പരിസരത്തും വെള്ളം കയറിയിരുന്നു. തോട് കൈയേറ്റം വെള്ളം കയറാൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും ചേർന്ന് ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. വിഷയത്തിൽ നടപടി എടുക്കണമെന്ന് കാണിച്ച് ആക്ഷൻ കമ്മിറ്റി നഗരസഭക്ക് പരാതിയും നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ വില്ലേജ് ഓഫിസർമാരെ ഉൾപ്പെടുത്തി യോഗം വിളിക്കുകയും സർവേ നടത്തി കൈയേറ്റമുണ്ടെങ്കിൽ ഒഴിപ്പിച്ച് തോട് വീതികൂട്ടാനും തീരുമാനിച്ചു. സർവേ പൂർത്തിയാക്കി കൈയേറ്റം കണ്ടെത്തി ഒഴിപ്പിച്ചാൽ 2022-23 വർഷത്തെ കേന്ദ്ര നഗരസഞ്ചയം ഫണ്ടിൽ തോട് നവീകരിക്കും. പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
കൂടാതെ തോടിന് വശങ്ങളിലായി സൈക്കിൾ പാത, നടപ്പാത, ഇരിപ്പിടങ്ങൾ, മിനി പാർക്കുകൾ എന്നിവയും നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഈ ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭ താലൂക്ക് സർവേ വിഭാഗത്തിന് കത്ത് നൽകിയിരുന്നു.
എന്നാൽ, ഇവരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിരുന്നില്ല. ജനകീയ ആക്ഷൻ കമ്മിറ്റി കൂടി രംഗത്ത് വന്നതോടെ പ്രവർത്തനങ്ങൾ വേഗത്തിലായേക്കും. നിലവിൽ തോടിന്റെ അരിക് ഇടിഞ്ഞതും കൈയേറ്റവും കാരണം വ്യത്യസ്ത വീതികളിലൂടെയാണ് ഒഴുകുന്നത്. ചിലയിടത്ത് ഏഴ് മീറ്ററും മറ്റിടങ്ങളിൽ 12 മീറ്റർ വീതിയുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.