Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎല്ലാവരും പറയുന്നു...

എല്ലാവരും പറയുന്നു 'പുല്ലുപോലെ' കാണരുത്

text_fields
bookmark_border
എല്ലാവരും പറയുന്നു പുല്ലുപോലെ കാണരുത്
cancel
Listen to this Article

മലപ്പുറം: മഞ്ചേരി പയ്യനാട് ഫുട്ബാൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന ആവശ്യം ശക്തിപ്രാപിക്കുകയാണ്. 'പയ്യനാട് പയ്യെ കാടാക്കരുത്'എന്ന തലക്കെട്ടിൽ 'മാധ്യമം' വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയോടുള്ള പ്രതികരണങ്ങൾ.

അരലക്ഷം പേരെയെങ്കിലും ഉൾക്കൊള്ളണം ഗാലറി

പയ്യനാട് സ്റ്റേഡിയം ജനങ്ങളാൽ ഇളകി മറിഞ്ഞു. കേരളം കിരീടം നേടി. കുറച്ച് മുമ്പ് സ്റ്റേഡിയം സന്ദർശിച്ചപ്പോൾ ഏറെ സങ്കടം തോന്നിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അന്തരീക്ഷവും സാഹചര്യങ്ങളും ഇവിടെയുണ്ട്. സന്തോഷ് ട്രോഫിയോട് അനുബന്ധിച്ച് നന്നായി നവീകരിച്ചു. മെയിൻറനൻസ് വലിയ വെല്ലുവിളിയാണ്. അത് ചെയ്തേ പറ്റൂ. സർക്കാറിന്‍റെ ശ്രദ്ധ ഇനിയുമുണ്ടാവണം. ഐ ലീഗ്, ഐ.എസ്.എൽ മത്സരങ്ങളും വരണം. കേരള ഫുട്ബാൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോയി ദേശീയ, അന്താരാഷ്ട്ര ക്ലബുകളെ ഉൾപ്പെടുത്തി ടൂർണമെൻറുകൾ സംഘടിപ്പിക്കണം. കപ്പാസിറ്റി എത്ര കൂട്ടിയാലും മലപ്പുറത്തെ കാണികളെ ഉൾക്കൊള്ളാൻ കഴിയില്ല. 26,000 പേർ അകത്തുണ്ടാവുമ്പോൾ അതിന്‍റെ ഇരട്ടി പേർ കളി കാണാൻ കൊതിച്ചിട്ട് തിരക്ക് ഓർത്ത് വരാതിരിക്കുക‍യും പുറത്ത് കാത്തുനിന്ന് മടങ്ങിപ്പോവുകയും ചെയ്തു. ഒരുലക്ഷം സാധ്യമല്ലെങ്കിൽ അരലക്ഷം പേർക്കെങ്കിലും ഇരിക്കാവുന്ന തരത്തിലേക്ക് ഗാലറി വികസിപ്പിക്കണം. കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമെന്ന് പയ്യനാട് തെളിയിച്ചു. അതിന്‍റെ എല്ലാ ക്രെഡിറ്റും ജനങ്ങൾക്ക് തന്നെ.

ആസിഫ് സഹീർ

(മുൻ കേരള ക്യാപ്റ്റൻ)


ഇനി നശിക്കാൻ വിടരുതേ

ഏറ്റവും മികച്ച സൗകര്യങ്ങളാണ് പയ്യനാട് സ്റ്റേഡിയത്തിലുള്ളത്. അത് നശിക്കാതെ നിലനിർത്തിക്കൊണ്ട് പോവണം. സ്റ്റേഡിയത്തിലേക്കുള്ള യാത്രയും പ്രധാനമാണ്. റോഡ് വീതി കൂട്ടൽ, പാർക്കിങ് തുടങ്ങിയവയും ശ്രദ്ധിക്കണം. പുല്ല് കൃത്യമായി സംരക്ഷിക്കണം. ആളുകൾക്ക് മഴകൊള്ളാതെയിരുന്ന് മത്സരങ്ങൾ കാണാനും സംവിധാനം വേണം. കൂടുതൽ മത്സരങ്ങൾ വരട്ടെ. ഇനിയും താരോദയങ്ങൾ ഉണ്ടാവട്ടെ.

ഫിറോസ് കളത്തിങ്ങൽ

(കേരള പൊലീസ്)


കളിക്കാരുടെ വളർച്ചക്ക്

താഴിടരുത്

അടഞ്ഞ സ്റ്റേഡിയങ്ങൾക്കൊപ്പം തുറന്ന സ്റ്റേഡിയങ്ങളും വേണം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയവും വിപുലീകരിച്ച് താഴിട്ട് പൂട്ടിയതോടെയാണ് നിരവധി ദേശീയ-അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത് വന്നിരുന്ന ഈ രണ്ട് നഗരങ്ങളിൽനിന്ന് മികച്ച കളിക്കാർ ഇല്ലാതായി തുടങ്ങിയത്. എവിടെയാണോ ഇത്തരത്തിൽ പൊതു മൈതാനങ്ങൾക്ക് താഴ് വീണിട്ടുള്ളത് അവിടെയൊക്കെ ഇത് തന്നെയാണ് സ്ഥിതി. സ്ഥിരം പരിശീലനങ്ങളും ജില്ല ലീഗുകൾ പോലുള്ള താരങ്ങളുടെ ആദ്യ കളരികളും വിലക്കിക്കൊണ്ട് മൈതാനങ്ങൾ ഈ രീതിയിൽ അടച്ചിടുന്ന രീതി ശരിയല്ല. സ്റ്റേഡിയങ്ങൾ നന്നാകണം, യുവതാരങ്ങൾക്ക് ഉയർന്ന് വരാൻ മൈതാനങ്ങൾ തുറന്നുകൊടുക്കണം. ഒപ്പം മൈതാനങ്ങളുടെ കാവലും പരിപാലനവും മികച്ചതാകണം എന്നു മാത്രം. അതിന് ജീവനക്കാരെ നിയമിക്കണം. മേജർ ടൂർണമെൻറുകൾ വരുന്നെങ്കിൽ അതിന് മുന്നോടിയായി പ്രത്യേക ഒരുക്കങ്ങൾക്കുവേണ്ടി ഒന്നോ രണ്ടോ മാസം താൽകാലികമായി അടച്ചിടാം എന്നല്ലാതെ മൈതാനങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുക്കാൻ അനുവദിക്കരുത്. അതാത് പ്രദേശങ്ങളിൽനിന്നുള്ള മികച്ച ഫുട്ബാൾ താരങ്ങളുടെ വർഗനാശത്തിന് അത് കാരണമാകും.

ഡോ. സി.ടി. അജ്മൽ

(പരിശീലകൻ)

വരട്ടെ ലോകകപ്പും

നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ ഒന്നാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം. 2015ന് ശേഷം ആരോരും നോക്കാനില്ലാത്തെ കാടുപിടിച്ചു കിടന്ന അവസ്ഥ ഇനി ഉണ്ടാകരുത്. ഐ.എസ്‌.എൽ, ഐ ലീഗ് മത്സരങ്ങൾ പയ്യനാട്ടേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതു പോലെ ഭാവിയിൽ ഇന്ത്യയിൽ നടക്കാൻ സാധ്യതയുള്ള ലോകകപ്പ്, ഏഷ്യ കപ്പ് ടൂർണമെന്‍റുകൾ കൂടി പയ്യനാട്ടേക്ക് എത്തിക്കാൻ ഇപ്പോൾ തന്നെ ശ്രമങ്ങൾ നടത്തി തുടങ്ങണം.

കെ. മുഹമ്മദ് ജാസ്

(ഫുട്ബാൾ സംഘാടകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santhosh Trophy 2022
News Summary - Everyone says don't look 'like grass'
Next Story