പരീക്ഷ വിവാദം: സർവകലാശാല പരീക്ഷഭവനിൽ സംഘർഷം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ പെരുന്നാൾദിനത്തോടനുബന്ധിച്ചുള്ള പരീക്ഷനടത്തിപ്പിനെതുടർന്നുള്ള പ്രതിഷേധത്തിനിടെ സംഘർഷം. പരീക്ഷ കൺട്രോളറുടെ ഓഫിസ് ഗേറ്റ് പൂട്ടി എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിന്റെ നേതൃത്വത്തിൽ ലീഗ് സെനറ്റംഗങ്ങളും സി.കെ.സി.ടി ഭാരവാഹികളും നടത്തിയ സമരമാണ് സംഘർഷത്തിനിടയാക്കിയത്. ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു ഉപരോധസമരത്തിന് തുടക്കം.
കൺട്രോളറുടെ ഓഫിസിലെ പ്രവേശന കവാടം പൂട്ടിയതോടെ ചായ കുടിക്കാൻ പുറത്തിറങ്ങിയ ജീവനക്കാർക്ക് അകത്തു കയറാനായില്ല. തുടർന്ന് എംപ്ലോയീസ് യൂനിയൻ പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇതോടെ സംഘർഷാവസ്ഥയാകുകയായിരുന്നു. കൂടുതൽ പൊലീസെത്തി എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിൽ ഉന്തും തള്ളുമുണ്ടായി.
എം.എസ്.എഫുകാർ ജീവനക്കാരെ ആക്രമിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് എംപ്ലോയീസ് യൂനിയൻ രംഗത്തുവന്നത്. എം.എസ്.എഫ് പ്രവർത്തകരെ ഉച്ചക്ക് 1.30ഓടെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്. സർവകലാശാല അധികൃതരുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് എം.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.