അറബി സാഹിത്യത്തിൽ മികവ് തെളിയിച്ച് നാസർ മാസ്റ്റർ
text_fieldsമങ്കട: അറബിക്കവിത, പ്രസംഗം, ഗാനം, നാടകരചന മേഖലകളിൽ മികവു തെളിയിച്ച അറബി അധ്യാപകനാണ് അബ്ദുന്നാസർ മങ്കട. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനായ ഇദ്ദേഹം രചിച്ച കവിതകളും നാടകങ്ങളും ഗാനങ്ങളും പ്രശസ്തമാണ്.
പ്രതികൂലമായ കുടുംബ പശ്ചാത്തലത്തിൽനിന്ന് കഠിന പരിശ്രമത്തിലൂടെ പഠിച്ച് വളർന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്.
വാടാനപ്പള്ളി ഇസ്ലാമിയ കോളജിലെ പഠനകാലം മുതൽ ലോക പ്രശസ്ത പണ്ഡിതരായ അബുൽ ഹസൻ അലി നദ്വി, ഡോ. യൂസുഫുൽ ഖറദാവി തുടങ്ങിയവരുടെ രചനകൾ വിവർത്തനം ചെയ്തും അറബിക്കവിതകൾ എഴുതിയുമാണ് നാസർ സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്. കോഴിക്കോട് ദഅവ കോളജിലെ പഠനകാലത്ത് പ്രശസ്ത അറബി കവിയും പണ്ഡിതനുമായിരുന്ന കെ. മൊയ്തു മൗലവിയുടെ ശിക്ഷണത്തിലാണ് കവിത രചനയിൽ കൂടുതൽ മികവ് തെളിയിക്കാനായത്. യു.എ.ഇയിൽ ജോലി ചെയ്യുന്ന കാലത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ വിധികർത്താവായും അറബി പത്രങ്ങളിൽ രചന നടത്താനും അവസരം ലഭിച്ചു. പ്രാദേശിക അറബി കവികളുമായും കവിത സദസ്സുകളിലും നിരന്തരമായുള്ള ബന്ധം അറബി സാഹിത്യ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.
പ്രമുഖ അറബി പത്രമായ അൽ ഇത്തിഹാദ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ രചനകൾ എഴുതി. 2016ൽ കോട്ടൂർ സ്കൂളിലെ അറബി അധ്യാപകനായത് മുതൽ സ്കൂൾ കലാമത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടി രചിച്ച അറബി കവിതകളും ദഫ് ഗാനങ്ങളും സംസ്ഥാന തലങ്ങളിൽ വരെ എത്തിയിട്ടുണ്ട്.
ഈ വർഷത്തെ സ്കൂൾ കലോത്സവങ്ങൾക്ക് വേണ്ടി തൃശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാർഥികൾക്ക് ദഫിനുവേണ്ടി രചിച്ച അറബി കവിതകൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് അറബി പ്രസംഗ പരിശീലനത്തിന് സഹായകമാകുന്ന ഗ്രന്ഥര ചനയിലാണ് ഇപ്പോൾ ഇദ്ദേഹം.
2022ൽ സംസ്ഥാന തലത്തിൽ അധ്യാപകർക്കായി നടത്തിയ അറബി പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം നേടി.പാരന്റിങ് കൗൺസലിങ്, മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും നടത്തിവരുന്നു.മങ്കട വേരുംപിലാക്കലിൽ ചോലശ്ശേരി വീട്ടിൽ താമസം. ഭാര്യ: നശീദ. മക്കൾ: അസ്മ, അംജദ്, ഫഹീമ, ശഹിമ, നജ്മ, നഈമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.