കൊല്ലുന്ന ചൂട്....വാടരുത്, ജാഗ്രത, താപനില ഉയരുന്നു
text_fieldsമലപ്പുറം: താപനില കുത്തനെ ഉയർന്ന് ജനങ്ങളെ ‘കൊല്ലു’മ്പോൾ ചൂടേറ്റ് വാടുകയാണ് നാടാകെ. മാർച്ചിൽ കത്തിക്കയറിയ താപനില ഒരു ദാക്ഷിണ്യവുമില്ലാതെ വീണ്ടും കൂടികൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞദിവസം മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ച സംഭവം ചൂടിനെ എത്രത്തോളം കരുതിയിരിക്കണമെന്ന് വ്യകതമാക്കുന്നതാണ്. ജില്ലയിൽ ഒരുമാസത്തിനിടെ നിരവധിപേർക്കാണ് സൂര്യാഘാതവും സൂര്യാതപവും ഏറ്റത്. കഴിഞ്ഞദിവസം സൗത്ത് പല്ലാറിൽ 53കാരന് സൂര്യാതപമേറ്റിരുന്നു.
തിരൂർ പുറത്തൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടു വയസ്സുകാരിക്ക് സൂര്യാതപമേറ്റിട്ടും അധികദിവസമായില്ല. വളർത്തു മൃഗങ്ങളടക്കം സൂര്യാതപമേറ്റ് ജീവൻ പോവുന്ന സാഹചര്യമാണ്. ജില്ലയിൽ കാലാവസ്ഥ വകുപ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽനിന്ന് ലഭിച്ച കണക്കുകൾ പ്രകാരം രണ്ട് മസത്തിനിടെ പലതവണയാണ് താപനില 42 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയത്.
ജില്ലയില്‍ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുണ്ട്. ഉയർന്ന ചൂടിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം.
അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
സൂര്യാഘാതം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.
ജില്ലയിൽ 30 പശുക്കൾ ചത്തു
മലപ്പുറം: അത്യുഷ്ണത്തിൽ ജില്ലയിൽ 30 പശുക്കൾ ചത്തു. ജില്ലയിലെ എല്ലാ േബ്ലാക്കുകളിലും ഒന്നിലധികം പശുക്കളുടെ ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ല ക്ഷീര വികസന വകുപ്പ് അറിയിച്ചു. വിദേശ ജനുസിൽപ്പെട്ട (എച്ച്.എഫ്) കറവപശുക്കളാണ് ചത്തത്. ഇവക്ക് നാടൻ ഇനങ്ങളെ അപേക്ഷിച്ച് ചൂട് അധികം താങ്ങാൻ ശേഷിയില്ല. ഷെഡിൽ കെട്ടിയിട്ട പശുക്കളുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽനിന്നും അമിതമായി താപ വികിരണമേൽക്കുന്നതാണ് ജീവഹാനിക്ക് കാരണമാകുന്നത്. ഇത്തരം പശുക്കളെ പകൽ പുറത്ത് തണലിലേക്ക് മാറ്റികെട്ടിയാൽ മാത്രമേ അതിജീവിക്കുകയുള്ളു. ചത്ത പശുക്കൾക്ക് ഒന്നിനും ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ല. ഇത് ക്ഷീരകർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. കടുത്ത ചൂടിൽ സംസ്ഥാനത്താകെ 200ലധികം പശുക്കൾ ചത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്ഷീരകർഷർക്ക് അടിയന്തര സഹായം നൽകുന്നതിനെകുറിച്ച് ആലോചിക്കുന്നതിന് ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി, വെള്ളിയാഴ്ച ഓൺലൈൻ ആയി ഉദ്യോഗസ്ഥത്തല യോഗം വിളിച്ചിട്ടുണ്ട്. അത്യഷ്ണംമൂലം ജില്ലയിൽ പാലുൽപാദനം കുത്തനെ കുറഞ്ഞു. പ്രതിദിനം 80,000 ലിറ്റർ പാലുൽപാദനം ഉണ്ടായിരുന്ന ജില്ലയിൽ നിലവിൽ 70,000 ലിറ്റർ ആയി ചുരുങ്ങി. പാലുൽപാദനത്തിൽ ഇത്രയധികംകുറവ് സംഭവികുന്നത് ഇതാദ്യമാണ്. ജില്ലയിൽ 253 സംഘങ്ങളിലായി പാലളക്കുന്ന 9200ഓളം ക്ഷീര കർഷകരുണ്ട്.
സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യും?
വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. തണുത്തവെള്ളം കൊണ്ട് ശരീരം തുടക്കുക. ഫാന്‍, എ.സി. തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ശരീരം തുടക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക. പൊള്ളിയഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തുക. ചൂട് കൂടുമ്പോള്‍ നിര്‍ജലീകരണം ഉണ്ടാവാതെ നോക്കണം. ചൂട് കൂടുമ്പോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടും. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാവെള്ളം, മോരിന്‍വെള്ളം തുടങ്ങിയവ കുടിച്ച് താപശരീര ശോഷണത്തില്‍നിന്ന് രക്ഷ നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.