അർബുദ നിര്‍ണയത്തില്‍ വീഴ്ച; അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷൻ
text_fieldsമലപ്പുറം: ഭാര്യയുടെ രോഗം യഥാസമയം നിര്‍ണയിക്കുന്നതില്‍ വീഴ്ചവരുകയും തുടര്‍ന്ന് ചികിത്സ നല്കാനാകാതെ ഭാര്യ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പരാതിക്കാരന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഭാഗങ്ങള്‍ വിശദ പരിശോധനക്ക് പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയിലേക്ക് അയച്ചു.
പരിശോധനയില്‍ അർബുദ ലക്ഷണങ്ങളില്ലെന്നായിരുന്നു റിപ്പോർട്ട്. രോഗശമനം ഇല്ലാത്തതിനാല്‍ പത്ത് മാസത്തോളം ചികിത്സ തുടര്‍ന്നു. ഒടുവില്‍ അർബുദ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ആര്.സി.സിയിലേക്ക് റഫര്‍ ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ അർബുദം മൂർധന്യാവസ്ഥയിലെത്തിയിരുന്നു. ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ കാണിക്കാനിരിക്കെ പരാതിക്കാരന്റെ ഭാര്യ മരണപ്പെടുകയായിരുന്നു. ആര്.സി.സിയില്‍ പെരിന്തല്‍മണ്ണ ലബോറട്ടറിയില്‍ പരിശോധിച്ച കാര്യങ്ങള്‍ വീണ്ടും പരിശോധിച്ചതില്‍ നേരേത്തതന്നെ അർബുദം ഉണ്ടായിരുന്നെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പരാതിക്കാരന് ഉപഭോക്തൃ കമീഷനെ സമീപിച്ചത്. ആര്.സി.സിയിലെ പരിശോധനഫലത്തിന് പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയെക്കാള് ആധികാരികതയില്ലെന്നും മെഡിക്കല്‍ വിദഗ്ധന്റെ തെളിവില്ലാത്തതിനാല്‍ ഹരജി തള്ളണമെന്നുമുള്ള വാദം കമീഷന് അംഗീകരിച്ചില്ല. യഥാസമയം ചികിത്സ നല്കാന് കഴിയാതെവന്നതിന് കാരണം ഡോക്ടര്‍ നല്കിയ തെറ്റായ ലാബ് റിപ്പോര്‍ട്ടാണെന്ന് കണ്ടാണ് ഉപഭോക്തൃ കമീഷൻ വിധി. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഉത്തരവ് കിട്ടി ഒരുമാസത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം വിധി തീയതി മുതല്‍ 12 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷൻ വിധിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.