പട്ടികജാതിക്കാരന് വീട് നിഷേധിക്കാൻ വ്യാജരേഖ: സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്
text_fieldsപെരിന്തൽമണ്ണ: ഭവനരഹിതന് പട്ടികജാതി വകുപ്പിൽനിന്ന് അനുവദിച്ച വീട് നിഷേധിക്കാൻ വ്യാജരേഖ ചമച്ചെന്ന കേസിൽ സി.പി.എം തിരൂർക്കാട് ലോക്കൽ കമ്മിറ്റി അംഗവും അങ്ങാടിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ വി.പി. അബ്ദുൽ അസീസിനെതിരെ കേസെടുത്തു.
അങ്ങാടിപ്പുറം വലമ്പൂർ സ്വദേശി രാവുണ്ണി എന്ന ബാലന് വീട് നിഷേധിച്ചെന്നാണ് പരാതി. പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലതക്കാണ് അന്വേഷണ ചുമതല.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.സി ജനറൽ വിഭാഗത്തിന് സംവരണം ചെയ്ത അഞ്ചാം വാർഡായ വലമ്പൂരിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാവുണ്ണിക്ക് സീറ്റ് നിഷേധിച്ചതോടെ ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി വെൽഫെയർ പാർട്ടി പിന്തുണയോടെ മത്സരിച്ചിരുന്നു.
തുടർന്ന് 2015-16ൽ പട്ടികജാതി ക്ഷേമവകുപ്പ് അനുവദിച്ച വീട് നൽകാതിരിക്കാൻ ഇദ്ദേഹത്തിന് വീടുണ്ടെന്ന് കാണിച്ച് പഞ്ചായത്തിെൻറ ഒൗദ്യോഗിക രേഖ ബ്ലോക്ക് പട്ടികജാതി ഒാഫിസർക്ക് നൽകിയതാണ് കേസിനാസ്പദമായ സംഭവം.
വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭ്യമായപ്പോഴാണ് വ്യാജരേഖയാണെന്ന് ബോധ്യമായത്. പിന്നീട് ഈ വീടിെൻറ നമ്പറും മറ്റും വിവരാവകാശ നിയമപ്രകാരം തേടിയപ്പോൾ അത്തരമൊരു കത്ത് നൽകിയിട്ടില്ലെന്നും വ്യാജരേഖയാണെന്നുമായിരുന്നു പഞ്ചായത്ത് വിശദീകരണം.
പെരിന്തൽമണ്ണ ഡിവൈ.എസ്.പിയായിരുന്ന എം.പി. മോഹനചന്ദ്രൻ മുമ്പാകെയാണ് പരാതി നൽകിയത്. കേസിൽ ഹൈകോടതി ജൂൺ 22ന് പരിഗണിച്ചിരുന്ന മുൻകൂർ ജാമ്യഹരജി പിന്നീട് 29ലേക്ക് മാറ്റി.
എന്നാൽ, കത്ത് നൽകിയ സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അബ്ദുൽ അസീസ് പറഞ്ഞു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട യു.ഡി.എഫ് രംഗത്തെത്തി.
വസ്തുതകൾ മുഴുവൻ പുറത്തെത്തിച്ചത് പരാതിക്കാരൻ
പെരിന്തൽമണ്ണ: രാഷ്ട്രീയ വിരോധത്താൽ പട്ടികജാതിക്കാരന് വീട് തഴയാൻ വ്യാജരേഖ ചമച്ച സംഭവത്തിൽ പൊലീസ് കേസെടുത്തത് ഗത്യന്തരമില്ലാതെ. പരാതിക്കാരൻ പട്ടികജാതിക്കാരനായതോടെ ഗൗരവത്തിലെടുക്കുകയായിരുന്നു.
വലിയ ഭൂരിപക്ഷത്തിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ രണ്ടുവർഷം മുമ്പ് ഇതുസംബന്ധിച്ച് വിവാദങ്ങളും സമരങ്ങളും ഏറെ നടന്നതാണ്. സമാനരീതിയിലാണ് പിന്നീട് അങ്ങാടിപ്പുറം പഞ്ചായത്തിൽ നികുതിയായി പിരിച്ച ലക്ഷങ്ങൾ കാണാതായത്.
രാഷ്ട്രീയ വിവാദമുയർന്നതോടെ പഞ്ചായത്ത് സെക്രട്ടറി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയെങ്കിലും ക്രിമിനിൽ നടപടിക്രമങ്ങളിലേക്ക് കടന്നില്ല. ആരോപണവിധേയരെ ചോദ്യം ചെയ്യാനോ അന്വേഷണം തുടരാനോ തയാറായില്ല. തദ്ദേശ വകുപ്പ് വകുപ്പുതല അന്വേഷണവും ഒാഡിറ്റും നടത്തി ഒരു ജീവനക്കാരനെതിരെ നടപടിയെടുത്ത് വിഷയം അവസാനിപ്പിച്ചു.
വ്യാജരേഖ വിഷയത്തിൽ വസ്തുതകൾ പരാതിക്കാരൻ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി പൂർണമായി പുറത്തുകൊണ്ടുവന്നതോടെയാണ് പൊലീസ് കേസെടുത്തത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വിഷയം വീണ്ടും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു.ഡി.എഫ് നീക്കം. ബുധനാഴ്ച പഞ്ചായത്ത് ഒാഫിസ് മാർച്ചടക്കം സമരപരിപാടികളും തീരുമാനിച്ചിട്ടുണ്ട്.
'സ്ഥിരം സമിതി അധ്യക്ഷൻ രാജിവെക്കണം'
അങ്ങാടിപ്പുറം: പഞ്ചായത്തിൽ വ്യാജരേഖ വിവാദത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷെൻറ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി തിങ്കളാഴ്ച തീർപ്പാക്കാൻ വെച്ചിരിക്കുകയാണ്. ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ടതിനാൽ സ്ഥിരം സമിതി അധ്യക്ഷനായി തുടരുന്നത് നീതികേടാണ്.
ഇക്കാര്യത്തിൽ അടിയന്തര തീരുമാനം ആവശ്യപ്പെട്ട് വെൽഫെയർപാർട്ടി സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.