മലപ്പുറത്തും പ്രാണവായുവിനു ക്ഷാമം: ജില്ലയിൽ ഒാക്സിജൻ ജനറേറ്ററില്ല
text_fieldsമലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദനംപ്രതി വർധിക്കുകയാണ്. 4000ലധികം രോഗികളാണ് ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്.
ദിനംപ്രതി പോസിറ്റിവ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. കോവിഡ് രോഗികൾ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ലക്ഷണമുള്ളവരാണ് കൂടുതലും. ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന, തളർച്ച, രക്തസമ്മർദം കുറയൽ എന്നീ ലക്ഷണങ്ങൾ സി കാറ്റഗറിയിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ഒാക്സിജൻ അളവ് 95 ശതമാനത്തിലും കുറയുന്നു.
ഈ സാഹചര്യത്തിൽ കൃത്രിമമായി ഒാക്സിജൻ ശരീരത്തിന് നൽകേണ്ടി വരും. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ കോൺസൺട്രേറ്റർ, ബൈബാപ് യന്ത്രം, സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനം എന്നിവയാണ് പ്രധാനമായും ഒരുക്കേണ്ടത്. മഞ്ചേരി മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ല ആശുപത്രികൾ, ചില താലൂക്ക് ആശുപത്രികൾ എന്നിവയാണ് കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത്.
അതേസമയം, സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്കൾക്ക് തൽക്കാലം ക്ഷാമമില്ല. 50 ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ഐ.സി.യു, വെൻറിലേറ്റർ സംവിധാനങ്ങളും നിലവിൽ പര്യാപ്തമാണ്.
ജില്ലയിൽ ഒാക്സിജൻ ജനറേറ്ററില്ല
ഒാക്സിജൻ ജനറേറ്റർ ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തതിനാൽ മറ്റുജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ല ആശുപത്രികളിൽ സ്ഥാപിക്കുമെന്ന് ജില്ല പഞ്ചായത്ത് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. രോഗം രൂക്ഷമായാൽ ഒരാൾക്ക് മിനിറ്റിൽ എട്ട് ലിറ്റർ ഒാക്സിജൻ ആവശ്യമായി വരും. പല അളവിലുള്ള ഓക്സിജൻ സിലിണ്ടറുകളാണ് വിപണിയിൽ ലഭ്യമാകുന്നത്. ഓക്സിജൻ സിലിണ്ടറുകൾക്കായി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സാധനത്തിന് ക്ഷാമമുള്ളതിനാൽ ദിവസവും വിലയും വർധിക്കുന്നു. ഡി ടൈപ് ഓക്സിജൻ സിലിണ്ടറുകളാണ് സാധാരണ ഉപയോഗിക്കുന്നത്. 40-60 ലിറ്റർ ഉൾക്കൊള്ളും. ഓക്സിജൻ കോൺസട്രേറ്റർ വായു വലിച്ചെടുത്ത് ശുചീകരിച്ച് അതിലേക്ക് പരമാവധി ഓക്സിജൻ അളവ് കൂട്ടുന്ന ഉപകരണമാണ്. ബൈബാപ് ഉപകരണം നമ്മുടെ ശരീരം സ്വയം ഓക്സിജൻ വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്. ഉപകരണങ്ങളുടെ സഹായത്തോടെ ഓക്സിജൻ നിലനിർത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് വെൻറിലേറ്റർ. സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനം വഴി ആശുപത്രി വാർഡുകളിലേക്ക് പൈപ്പ് മാർഗം ഒാേരാ രോഗിക്കും എത്തിക്കുന്നു.
ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുക്കും
ഓക്സിജന്‍ നിറക്കാവുന്ന സിലിണ്ടറുകള്‍ കൈവശമുള്ള സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സിലിണ്ടറുകള്‍ പിടിച്ചെടുക്കാന്‍ ജില്ല കലക്ടർ ഉത്തരവിട്ടു.
സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത അപര്യാപ്തമായതിെൻറ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ല ഓക്സിജന്‍ മാനേജ്മെൻറ് കമ്മിറ്റിയും രൂപവത്കരിച്ചു.
ഓക്സിജന്‍ നിറക്കാവുന്ന സിലിണ്ടറുകള്‍ കൈവശമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടിക അനുസരിച്ചാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ സിലിണ്ടറുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. സിലിണ്ടറുകള്‍ ഓക്സിജന്‍ കമ്മിറ്റി ചെയര്‍മാനായ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും വൈസ് ചെയര്‍മാനായ മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും ചേര്‍ന്ന് പിടിച്ചെടുക്കും.
പിടിച്ചെടുക്കുന്ന സിലിണ്ടറുകള്‍ ഓക്സിജന്‍ മാനേജ്മെൻറ് കമ്മിറ്റി വൃത്തിയാക്കി അണുനശീകരണം വരുത്തി ഓക്സിജന്‍ നിറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. പിടിച്ചെടുത്ത സിലിണ്ടറുകളുടെ എണ്ണം, മറ്റു വിവരങ്ങള്‍, മഹസ്സര്‍ എന്നിവ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് ഓക്സിജന്‍ മാനേജ്മെൻറ് കമ്മിറ്റി ചെയര്‍മാനായ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.