മലപ്പുറത്ത് മഴയിൽ കുതിർന്ന് കർഷക കണ്ണീർ
text_fieldsനാല് ഏക്കറിൽ പച്ചക്കറിയും തണ്ണിമത്തനും നശിച്ചു
വേങ്ങര: അപ്രതീക്ഷിതമായി നേരേത്ത എത്തിയ കനത്ത മഴ മൂലം വെള്ളം കയറി കൃഷി നഷ്ടത്തിലായി. വിളവെടുക്കാൻ പാകമായ ആയിരക്കണക്കിന് തണ്ണിമത്തൻ, വെണ്ട, വെള്ളരി, പയർ എന്നിവ വെള്ളത്തിനടിയിലായി.
കൊടുവാപാടം ശാന്തിവയലിൽ 'അവനി' കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള നാല് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. മൾച്ചിങ്ങ് ഷീറ്റ് ഉപയോഗിച്ച് ഡ്രിപ് ഇറിഗേഷൻ രീതിയിൽ ജലസേചനം നടത്തിയാണ് കൃഷി ചെയ്തിരുന്നത്. ജൈവരീതിയിൽ നടത്തിയിരുന്ന കൃഷിയാണ് നശിച്ചതെന്ന് അവനി ഗ്രൂപ് പ്രസിഡൻറ് സി. മുഹമ്മദ് ബക്തിയാർ പറയുന്നു. ആറ് വർഷമായി നടത്തുന്ന അവനി കൃഷിക്ക് ഈ വർഷം നേതൃത്വം നൽകിയത് ഉണ്ണി മാസ്റ്റർ, ഇ.കെ. അഷ്റഫ് എന്നിവരാണ്.
ഹെക്ടർ കണക്കിന് വാഴ നശിക്കുന്നു
വാഴക്കാട്: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വാഴക്കാട്ടെ പാടശേഖരങ്ങളിലെ വാഴകൃഷി വെള്ളം കയറി നശിക്കുന്നു. വാഴ, മരച്ചീനി ഉൾപ്പെടെ നിരവധി കാർഷിക വിളകളാണ് വെള്ളം കയറിയതോടെ ചീഞ്ഞ് നശിക്കുന്നത്. കുലച്ച് മൂപ്പെത്താൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് കർഷകരുടെ അവസാന പ്രതീക്ഷയും ഇല്ലാതായത്. വാഴക്കാട് മതിയംകല്ലിങ്ങൽ താഴം, വകഫിൻതാഴം, കുറ്റിയോട്ട്, കൊളക്കാട്ട് തൊടിക, നടുക്കുനി, പുളിയത്തിങ്ങൽതാഴം, ആലുങ്ങൽപറമ്പ്, കിഴക്കുവീട്ടിൽ താഴം, വട്ടപ്പാറ, പണിക്കരപുറായ എന്നിവിടങ്ങളിലെ വാഴകൃഷിയാണ് വെള്ളം കയറി നശിക്കുന്നത്.
വട്ടപ്പാറ, നടകുനി ഭാഗങ്ങളിൽ മരച്ചീനിയും നശിച്ചിട്ടുണ്ട്. ചാലിയാറിലേക്ക് തുറക്കുന്ന ചെറിയ തോടുകൾ കാലക്രമേണ ഇല്ലാതായതാണ് കർഷകർക്ക് വിനയാവുന്നത്. ചാലിയാറിലേക്ക് തുറക്കുന്ന തോടുകൾ തുറക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. 80 ലക്ഷം രൂപയുടെ കാർഷിക വിള നാശമാണ് വാഴക്കാട്ട് ഉണ്ടായത്.
തിരൂരങ്ങാടി
തിരൂരങ്ങാടി മേഖലയിൽ വലിയതോതിൽ കൃഷിനാശം സംഭവിച്ചു. കൂടുതലായി വെള്ളം കയറിയതിനാൽ പാടശേഖരത്തിലെ വിളകൾക്കാണ് കൃഷിനാശം നേരിട്ടത്. തെന്നല പഞ്ചായത്തിലെ വാളക്കുളം പാടത്ത് പത്ത് യുവാക്കളുടെ നേതൃത്വത്തിൽ ഇറക്കിയ നാല് ഏക്കറോളം തണ്ണിമത്തൻ, ചെരങ്ങ കൃഷി പൂർണമായി നശിച്ചു. പാറയിൽ പടിയിൽ പാത്തിക്കൽ സിദ്ദീഖിെൻറ വെറ്റില കൃഷി പൂർണമായി കാറ്റിൽ നിലംപൊത്തി. വെന്നിയൂർ പെരുമ്പുഴ പാടത്തെ ഏക്കർകണക്കിന് കപ്പകൃഷിയും വെള്ളം കയറി നശിച്ചു. വെള്ളം പാടശേഖരത്തിൽ തുടർന്നാൽ സമീപത്തുള്ള വാഴകൃഷിയും പൂർണമായി ചീഞ്ഞ് നശിക്കും.
നന്നമ്പ്ര പഞ്ചായത്തിലെ വെഞ്ചാലി പാടശേഖരത്തിൽ കൊയ്യാൻ 15 ദിവസം മാത്രം ബാക്കി നിൽക്കെയാണ് രണ്ട് ഏക്കറോളം നെൽകൃഷി നശിച്ചത്. അരീക്കാട്ട് മൊയ്തീെൻറ ഉമ ഇനത്തിൽ പെട്ട നെൽകൃഷിയാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് തിരൂരങ്ങാടി മേഖലയിൽ ഉണ്ടായത്.
പരപ്പനങ്ങാടി
രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലും നെടുവ വില്ലേജിലെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കയ്യറ്റി ചാലിൽ, വാളക്കുണ്ട് പാടശേഖരങ്ങളിലെ കൊയ്തെടുക്കേണ്ട 20 ഏക്കറോളം നെല്ലും പുറമെ വാഴ, പച്ചക്കറി കൃഷിയുമാണ് നശിച്ചത്. നശിച്ചുപോകുമെന്ന വിഷമം കാരണം നഷ്ടം സഹിച്ചും കാലേകൂട്ടി കൊയ്തെടുത്ത സി.പി. വൽസൻ, സി. കൃഷ്ണൻകുട്ടി, പി. സുധീഷ് എന്നിവരുടെ നെല്ല് ഉണക്കാനാവാതെ മുളച്ചിട്ടുമുണ്ട്.
കൊയ്ത്ത് മെതിയന്ത്രം എത്തിച്ചിരുന്നെങ്കിലും കുറച്ച് ഭാഗം കൊയ്ത് വെള്ളക്കൂടുതൽ കാരണം മറ്റു വയലുകളിലേക്ക് ഇറക്കാൻ പറ്റാതെ തിരിച്ചയക്കുകയായിരുന്നു. കടം വാങ്ങിയും സ്വർണം പണയം വെച്ചുമൊക്കെ ഇറക്കിയ കൃഷി നശിക്കുന്നത് കാണാൻ പറ്റാത്ത മാനസികപ്രയാസത്തിലാണ് മുഴുവൻ കർഷകരും. പാലക്കണ്ടി ചെള്ളി, എം.കെ. സുബ്രഹ്മണ്യൻ, കെ. വേലായുധൻ, സി. കൃഷ്ണൻകുട്ടി, സി. രാജൻ, എം. വിനു എന്നിവരാണ് നാശം സംഭവിച്ച മറ്റുള്ള നെൽക്കർഷകർ.
കീഴുപറമ്പ്
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കീഴുപറമ്പിൽ വ്യാപക കൃഷി നാശം. കീഴുപറമ്പ്, തൃക്കളയൂർ, കുനിയിൽ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് നശിച്ചത്.
ചാലി പാടത്താണ് ഏറ്റവും കൂടുതൽ കൃഷി നാശം. വാഴ, കപ്പ, വിവിധയിനം പച്ചക്കറികൾ തുടങ്ങിയവ വെള്ളത്തിനടിയിലായി. ചാലിയാറിൽനിന്ന് മൂഴിക്കൽ വലിയതോട് വഴി ക്രമാതീതമായി വെള്ളം ഉയർന്നതോടെ പല കർഷകരുടെയും മാസങ്ങളായിട്ടുള്ള അധ്വാനമാണ് വിളവെടുക്കും മുമ്പ് നശിച്ചത്. കീഴുപറമ്പിലെ ചില യുവജന സംഘടനകളുടെ സമയോചിത ഇടപെടൽ കർഷകർക്ക് ആശ്വാസമായി.
കപ്പയും മറ്റ് പച്ചക്കറികളും കിട്ടിയ വിലയ്ക്ക് ഓൺലൈനായും അല്ലാതെയും വിറ്റ് യുവജനങ്ങൾ കർഷകർക്ക് താങ്ങായി നിന്നു. ചാലിപാടം പ്രദേശങ്ങളിൽ വെള്ളം പെട്ടെന്ന് ഇറങ്ങി പോവാത്ത അവസ്ഥ ഉള്ളതിനാൽ കൃഷി വീണ്ടെടുക്കാൻ പ്രയാസമാണെന്നാണ് കർഷകർ പറയുന്നത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വാഴ കൃഷിയാണ് വെള്ളത്തിനടിയിൽ ആയത്. സർക്കാറിെൻറ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.