ഫൈബർ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
text_fieldsപുതുപൊന്നാനി: മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ചുവരുന്നതിനിടെ അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസ്സം പുലർച്ച രണ്ടുമണിയോടെ പുതുപൊന്നാനി അഴിമുഖത്തായിരുന്നു അപകടം.
ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ വള്ളം. തൊഴിലാളികളായ അലിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഹസനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന ഹംസകോയ, ഫാറൂഖ് എന്നിവർ രക്ഷപ്പെട്ടു. ദിവസകൾക്ക് മുമ്പ് പുതുപൊന്നാനി അഴിമുഖത്ത് മണൽതിട്ടയിലിടിച്ച് മുങ്ങിയ ബോട്ടിന്റെ വലയിൽ ഫൈബർ വള്ളത്തിന്റെ എൻജിൻ കുടുങ്ങിയതാണ് അപകടകാരണം. വള്ളത്തിലെ എൻജിൻ, വല, മീൻ എന്നിവ മുങ്ങിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു.
അപകട മുനമ്പായി പുതുപൊന്നാനി അഴിമുഖം
പുതുപൊന്നാനി: പുതുപൊന്നാനി മുനമ്പം അഴിമുഖത്തിനോടുള്ള അധികൃതരുടെ അവഗണയാണ് അപകടങ്ങൾ പതിവാകാൻ കാരണം. മത്സ്യബന്ധന യാനങ്ങൾ സുഗമമായി കടന്നുപോകാനായി അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്തെങ്കിലും അഴിമുഖത്തെ മണൽതിട്ടകളും വീതികുറവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഒരാഴ്ചക്കിടെ രണ്ട് അപകടങ്ങളിലായി രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് അഴിമുഖത്ത് വെച്ച് തകർന്നത്. ദിവസങ്ങൾക്ക് മുമ്പ് തകർന്ന ബോട്ടിലെ വലയിൽ പ്രൊപ്പല്ലർ കുടുങ്ങിയാണ് ഞായറാഴ്ച അപകടകാരണം. നിലവിൽ കല്ലുകൾക്കും മണൽതിട്ടകൾക്കുമിടയിലെ ചെറിയ ഭാഗത്തുകൂടിയാണ് യാനങ്ങൾ കടന്നുപോകുന്നത്. ശക്തമായ തിരയിൽ ചെറുവള്ളങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.
മണൽതിട്ടകൾ മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴി കടന്നുപോകാൻ കഴിയുന്നില്ല. മണൽതിട്ട വീണ്ടും രൂപപ്പെട്ടത് മൂലം മത്സ്യബന്ധന തൊഴിലാളികൾക്കും വള്ളങ്ങൾക്കും കടലിൽ പോകാനാവുന്നില്ല. താൽക്കാലികമായി മണൽ നീക്കംചെയ്തത് കൊണ്ട് ഫലമില്ലെന്നും അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനമാണ് വേണ്ടതെന്നുമാണ് ആവശ്യം. കൂടാതെ അഴിമുഖത്ത് അടിഞ്ഞുകൂടിയ കല്ലുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രളയത്തിലും കടലാക്രമണത്തിലും അടിഞ്ഞുകൂടിയ മണൽതിട്ടകൾ മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴി കടന്നുപോകാനാവുന്നില്ല. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടഞ്ഞുകിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.
ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികളുടെ ഭാഗമായി നേരത്തെ കുറച്ച് ഭാഗത്തെ മണൽ നീക്കംചെയ്തിരുന്നെങ്കിലും ഇത് പൂർവസ്ഥിതിയിലായി. ഇതിനായി ചെലവഴിച്ച തുകയെല്ലാം ഇപ്പോൾ വെള്ളത്തിൽ വരച്ചവര പോലെയായി. കടവനാട്, പുറങ്ങ്, മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. മണൽതിട്ട നീക്കംചെയ്ത മത്സ്യബന്ധന യാനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥർ പ്രയാസം തീർക്കാനായി ഇടപെടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.