സാമ്പത്തിക പ്രതിസന്ധി; മെഡിക്കൽ കോളജ് ഓഡിറ്റോറിയം നിർമാണം നിർത്തി
text_fieldsമഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിൽ ഓഡിറ്റോറിയത്തിന്റെ നിര്‍മാണ പ്രവൃത്തി നിർത്തിവെച്ചു. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മൂന്ന് കോടി രൂപയാണ് ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ ഇനി ആവശ്യം.
ഫണ്ട് ലഭിക്കാത്തതിനാൽ മാർച്ചിൽ നിർമാണം പൂർത്തിയാക്കേണ്ട കെട്ടിടം പാതിവഴിയിൽ നിലച്ചു. ഇതോടെ പരിസരമാകെ കാടുമൂടിയ നിലയിലാണ്.
103 കോടി ചെലവിട്ട് മെഡിക്കൽ കോളജിനായി നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളുടെ ഭാഗമായുള്ള പ്രവൃത്തിയാണിത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ, അധ്യാപക, അധ്യാപേകതര ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം പൂർത്തിയായിരുന്നു.
കഴിഞ്ഞവർഷമാണ് 50,000 സ്ക്വയര്‍ ഫീറ്റിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമാണം തുടങ്ങിയത്. ഒമ്പത് കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
നിർമാണ പ്രവൃത്തി ആരംഭിച്ചതിന് ശേഷം ഓഡിറ്റോറിയത്തിന്റെ രൂപരേഖയിൽ ചെറിയ മാറ്റം വരുത്തിയിരുന്നു. ഇതോടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചെങ്കിലും മൂന്ന് മാസമായിട്ടും മറുപടി ലഭിച്ചിട്ടില്ല. ഒരേസമയം 600 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തോടെയാണ് ഓഡിറ്റോറിയത്തിന്റെ രൂപകൽപന.
മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴെ നില പൂര്‍ണമായും വാഹന പാര്‍ക്കിങ്ങിന് ഉപയോഗപ്പെടുത്തും.
ഒന്നാം നിലയില്‍ ഓഫിസ് മുറികളും ഗസ്റ്റ് റൂമുകളും സജ്ജമാക്കും.
കിറ്റ്കോ ലിമിറ്റഡിനാണ് നിർമാണ ചുമതല. നേരത്തേ നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് അനുവദിച്ച തുകയിൽ 13 കോടി രൂപ സർക്കാർ കരാറുകാർക്ക് നൽകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.