അധികഭാരം ചുമന്ന് അഗ്നിരക്ഷസേന; ഉപകരണങ്ങളുണ്ട്, മതിയായ ജീവനക്കാരില്ല
text_fieldsകൊണ്ടോട്ടി: വേനല്‍ കനത്ത് അഗ്നിബാധ ആവര്‍ത്തിക്കുമ്പോൾ അമിത ജോലിഭാരം ചുമക്കുകയാണ് അഗ്നിരക്ഷ സേനാംഗങ്ങള്‍. ഫയര്മാന്മാരുടെയും ഡ്രൈവര്‍മാരുടെയും സ്റ്റേഷന് ഓഫിസര്‍മാരുടെയും കുറവാണ് വെല്ലുവിളിയാകുന്നത്. നിലവിലെ സ്റ്റാഫ് പാറ്റേണനുസരിച്ച് 400 ഫയര്‍ റെസ്ക്യൂ ഓഫിസര്‍മാരുടെയും നൂറില്‍പരം ഡ്രൈവര്‍മാരുടെയും ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. സംസ്ഥാനത്തെ 129 ഫയര്‍ സ്റ്റേഷനുകളിലായി 645 ഫയര്മാന്മാരും 387 ഡ്രൈവര്‍മാരും 129 സ്റ്റേഷന് അസിസ്റ്റന്റുമാരുമാണ് ആവശ്യമുള്ളത്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനത്തിനാവശ്യമായ ഇടപെടൽ ഉണ്ടാകാത്തതിനാല്‍ അധിക ജോലിഭാരം വഹിച്ച് കുഴങ്ങുകയാണ് സേനാംഗങ്ങള്‍.
ബ്രഹ്മപുരം അഗ്നിബാധ പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഓരോ ജില്ലയില്‍നിന്നും ഫയര്‍ യൂനിറ്റുകളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി മിക്ക ജില്ലകളില്‍നിന്നുമുള്ള അഗ്നിരക്ഷ യൂനിറ്റുകള്‍ ബ്രഹ്മപുരത്തെ അഗ്നിബാധ തടയാന്‍ രംഗത്തുണ്ട്. ഇതിനാൽ പ്രാദേശികമായുള്ള അഗ്നിബാധകളും മറ്റ് അപകടങ്ങളും നേരിടാന്‍ സേനാംഗങ്ങളെ ലഭിക്കാത്ത സ്ഥിതിയാണ്. ഒരു ഫയര്‍ സ്റ്റേഷനില്‍ 24 ഫയര്മാന്മാര്, ഏഴ് ഡ്രൈവര്‍മാര്‍, ഒരു സ്റ്റേഷൻ ഓഫിസര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ എന്നിവരുള്‍പ്പെടെ 40 ജീവനക്കാരാണ് നേരത്തെയുണ്ടായിരുന്നത്. 2011നുശേഷം 37 സിംഗിള്‍ സ്റ്റേഷനുകള്‍ വന്നപ്പോള്‍ ഇവിടേക്കെല്ലാം ആവശ്യമായ വാഹനങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും ലഭ്യമാക്കിയെങ്കിലും അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടിയുണ്ടായില്ല. നിലവിലുണ്ടായിരുന്ന സ്റ്റേഷനുകളിലെ സേനാംഗങ്ങളെ പുനര്‍വിന്യസിക്കുക മാത്രമാണ് വകുപ്പുതലത്തിലുണ്ടായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.