കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാലയിൽ വൻ തീപിടിത്തം
text_fieldsതേഞ്ഞിപ്പലം: പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാല പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം.
നടുക്കര സ്വദേശി സി.പി. കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള സി.പി ഹോം അപ്ലയൻസസ് ആൻഡ് ഫർണിച്ചറിൽ ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെയുണ്ടായ തീപിടിത്തത്തിൽ ഒരുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. സമീപത്തെ വീട്ടുകാർ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കടക്ക് തീപിടിച്ചറിഞ്ഞത്. ഉടൻ കടയുടമയെയും സമീപവാസികളെയും അറിയിച്ചു. എന്നാൽ, തീ നിയന്ത്രിക്കാൻ പറ്റാത്ത വിധമായിരുന്നു.
ഫയർഫോഴ്സെത്തും മുമ്പേ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ, താഴെ നില മുതൽ മൂന്ന് നില കെട്ടിടത്തിെൻറ മുകൾഭാഗം വരെ തീ ആളിപ്പടർന്നതിനാൽ അടുത്തുചെല്ലാൻ പറ്റാത്തത് രക്ഷാപ്രവർത്തനം പ്രയാസകരമാക്കി.
കടയുടെ ചുറ്റുഭാഗത്ത് സ്ഥാപിച്ച ഗ്ലാസ് ദൂരേക്ക് പൊട്ടിത്തെറിച്ചതും ഭീതി പരത്തി. മൂന്ന് ഭാഗത്തായി സ്ഥാപിച്ച ഗ്ലാസുകൾ പൂർണമായി പൊട്ടിത്തെറിച്ചു. ഗൃഹോപകരണ സാധനങ്ങൾ പൂർണമായും ഫർണിച്ചർ ഉൽപന്നങ്ങളും കത്തി.
കോൺക്രീറ്റ് കെട്ടിടമല്ലാത്ത ഭാഗങ്ങളെല്ലാം ഒരു സാധനവും ബാക്കിയാവാതെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രദേശത്ത് കൂടെ പോവുന്ന വൈദ്യുതി ബന്ധം രക്ഷാപ്രവർത്തനത്തിനിടെ വിച്ഛേദിച്ചു.
ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ, സ്റ്റേഷൻ ഓഫിസർ വിശ്വാസ്, സീനിയർ ഫയർ ഓഫിസർമാരായ ഇ. ശിഹാബുദ്ദീൻ, അയ്യൂബ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ മീഞ്ചന്ത, മഞ്ചേരി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് അഗ്നിശമനസേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്.
തേഞ്ഞിപ്പലം, കരിപ്പൂർ പൊലീസും സ്ഥലത്തെത്തി തുടർ പ്രവർത്തനത്തിന് നേതൃത്വം നൽകി. തീപിടിത്ത കാരണം വ്യക്തമല്ല. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഉടമ കടയടച്ച് വീട്ടിൽ പോയത്.
ലോക്ഡൗൺ കാരണം ദിവസങ്ങളോളം കട തുറക്കാത്തതിനാൽ നിരവധി ഫർണിച്ചർ- ഗൃഹോപകരണ ഉൽപന്നങ്ങൾ സ്റ്റോക്കുണ്ടായിരുന്നു. വിദേശത്തായിരുന്ന കുഞ്ഞിമുഹമ്മദ് ഹാജി നാട്ടിലെത്തി 12 വർഷം മുമ്പാണ് സ്ഥാപനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.