പ്രഥമശുശ്രൂഷയില്‍ പരിശീലനം: കുടുംബശ്രീ ഒരുങ്ങുന്നു
text_fieldsമലപ്പുറം: കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ല മിഷന്‍ തനത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഥമശുശ്രൂഷയില്‍ പരിശീലനം നൽകുന്നു. മസ്തിഷ്‌കാഘാതം, റോഡപകടങ്ങള്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങല്‍, വൈദ്യുതാഘാതം, വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ എന്നീ സാഹചര്യത്തില്‍ പ്രാഥമികമായി ശുശ്രൂഷ നല്‍കുന്നതിനും തരണം ചെയ്യുന്നതിനും കുടുംബശ്രീ അംഗങ്ങളെയും കുടുംബാംഗങ്ങളെയും പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശീലനം.
അയല്‍ക്കൂട്ടങ്ങള്‍/ അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍/ ഓക്സിലറി ഗ്രൂപ് എന്നിവയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ ആര്‍.പി ടീം രൂപവത്കരണം. അപകടങ്ങളെ തരണം ചെയ്യുന്നതിന് ഒരു വീട്ടിലെ ഒരാള്‍ക്കെങ്കിലും പരിശീലനം നല്‍കുന്നതിന് ജില്ലയില്‍ 300 മാസ്റ്റര്‍ ആര്‍.പിമാരുടെ സേവനം ആവശ്യമാണ്. വിദഗ്ധരുടെ കീഴില്‍ പരിശീലനം നേടിയ മാസ്റ്റര്‍ ആര്‍.പിമാര്‍ അതത് സി.ഡി.എസുകളിലെ തല്‍പരരായ 90 അംഗങ്ങളെ ഉള്‍പ്പെടുത്തി ബാച്ചുകളാക്കി തിരിച്ച് സന്നദ്ധ പ്രവര്‍ത്തനം എന്ന രീതിയില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ റിസോഴ്സ് പേഴ്സൻമാര്‍ വിവിധ പഞ്ചായത്തുകളിലായി ഒരു മാസത്തിനകം 30,000 പേരെ പരിശീലിപ്പിക്കും.
ഘട്ടംഘട്ടമായി എല്ലാ കുടുംബശ്രീ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗോള്‍ഡന്‍ ഹവര്‍ എന്ന രീതിയിലുള്ള പരിശീലനത്തില്‍ പങ്കാളിയാകും. മലപ്പുറം ഹെല്‍ത്ത് ഫോറത്തിന്‍റെയും എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. സി.ഡി.എസുകളില്‍ നിന്നാണ് മാസ്റ്റര്‍ ആര്‍.പിമാരെ തെരഞ്ഞെടുക്കുന്നത്. സന്നദ്ധ സേവനത്തിന് താൽപര്യമുള്ളവര്‍ ജൂണ്‍ 20നകം കുടുംബശ്രീ സി.ഡി.എസില്‍ അപേക്ഷിക്കണം. പുരുഷന്‍മാരെയും ഉള്‍പ്പെടുത്തും. എന്നാല്‍, വനിതകള്‍ക്കും വിജിലന്‍റ് ഗ്രൂപ് അംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.