കോൺക്രീറ്റുകൾ അടർന്നുവീഴുന്നു; തകർച്ച ഭീഷണിയിൽ ജില്ല മത്സ്യ കാര്യാലയം
text_fieldsപൊന്നാനി: പൊന്നാനി കോടതി കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ല മത്സ്യ കാര്യാലയം തകർച്ച ഭീഷണിയിൽ. ജില്ലയിലെ ഫിഷറീസ് ഓഫിസുകളുടെ ആസ്ഥാനമായ ഇവിടെ കോൺക്രീറ്റുകൾ അടർന്ന് വീഴുന്നതിനാൽ ഭയപ്പാടോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം അപകടകരമാണെന്ന് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഓഫിസിന്റെ ഒരുഭാഗം ഉണ്യാലിലേക്ക് മാറ്റിയിട്ടുണ്ട്. ഡി.ഡി ഓഫിസിലെ മൂന്ന് ക്ലർക്കും ടൈപ്പിസ്റ്റുമാണ് ഉണ്യാലിലേക്ക് മാറിയത്.
ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ്, മത്സ്യ ഭവൻ, ക്ഷേമനിധി ഓഫിസ് എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് മാത്രമാണ് മാറിയിട്ടുള്ളത്. ഫർണിച്ചർ ഉൾപ്പെടെ മാറ്റി ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് അടച്ചിട്ട നിലയിലാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളും ബോട്ടുകളുമുള്ള പൊന്നാനിയിൽ നിന്നും ഓഫിസ് മാറ്റിയതിൽ പ്രതിഷേധം ഉയരുകയാണ്. ഇപ്പോൾ വിവിധ ആവശ്യങ്ങൾക്കായി തൊഴിലാളികൾ ഉണ്യാലിലെത്തേണ്ട സ്ഥിതിയിലാണ്. അതേസമയം, കെട്ടിട സമുച്ചയം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിൽ ഓഫിസുകൾ അപകടകരമായ സാഹചര്യത്തിലാണ്. പൊന്നാനിയിൽത്തന്നെ മറ്റൊരിടത്തേക്ക് താൽക്കാലികമായി ഫിഷറീസ് ഓഫിസ് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
ഫിഷറീസ് ഓഫിസ് ഒരാഴ്ചക്കകം മാറ്റും -എം.എൽ.എ
പൊന്നാനി: ഫിഷറീസ് ഓഫിസ് ഒരാഴ്ചക്കകം പൊന്നാനി ഹാർബർ എൻജിനീയറിങ് ഓഫിസ് കെട്ടിടത്തിലേക്കു മാറ്റുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ ദുരുദ്ദേശ്യത്തോടെയാണ്. ഫിഷറീസ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ എം.എൽ.എൽ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഴയ ഐസ് പ്ലാന്റ് കെട്ടിടം നിൽക്കുന്ന ഭൂമിയിൽ പുതിയ ഓഫിസ് കെട്ടിട സമുച്ചയം നിർമിക്കും. ഫിഷറീസ് വകുപ്പിന്റെ ജില്ല ആസ്ഥാനം പൊന്നാനി വിട്ട് ഒരിടത്തേക്കും പോകില്ലെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.