സന്തോഷ തിരയിളക്കമില്ലാതെ മത്സ്യത്തൊഴിലാളി ജീവിതം
text_fieldsഅസ്തമിക്കുന്ന നല്ലകാലം
കടൽ ആവോളം കനിഞ്ഞിരുന്ന കാലം പതിയെ അസ്തമിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ വീട്ടകങ്ങളിലിപ്പോൾ സന്തോഷ തിരയിളക്കമുണ്ടാവാറില്ല.
വർഷങ്ങളായി പ്രാദേശിക മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന മത്സ്യത്തേക്കാളുപരി കയറ്റുമതിയിലൂടെയാണ് തൊഴിലാളികളും ബോട്ടുടമകളും നേട്ടമുണ്ടാക്കിയിരുന്നത്. വലിയ മത്സ്യങ്ങൾ കടലിൽനിന്ന് ലഭിക്കുന്ന മുറക്ക് കൊച്ചിയിലേക്കും മംഗലാപുരത്തേക്കും കൊണ്ടുപോയിരുന്ന കാഴ്ചകൾ മങ്ങിയിട്ട് വർഷങ്ങളായി. കൂടുതൽ പണവും ലാഭവുമാണ് കയറ്റുമതി മേഖലയെ ആകർഷകമാക്കിയിരുന്നത്.
കയറ്റുമതി മത്സ്യങ്ങളുടെ ലഭ്യതക്കുറവിനെത്തുടർന്ന് ഇൗ മേഖലയിൽ സജീവമായിരുന്ന പലരും പിൻവാങ്ങി. ഇതിനിടെ കോവിഡിനെത്തുടർന്ന് കൊച്ചിയിലെ കയറ്റുമതി മേഖലയിൽ നാളുകളായി അനുഭവപ്പെടുന്ന മാന്ദ്യവും ജില്ലക്ക് തിരിച്ചടിയായി. തുടർച്ചയായ ഇന്ധനവില വർധന കാരണം ചരക്കുഗതാഗതവും ദുസ്സഹമായതോടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. വലിയ ഇടപാടുകൾ നടത്തുന്നതിലെ നിയന്ത്രണങ്ങളും നൂലാമാലകളും പലരെയും മത്സ്യക്കയറ്റുമതിയിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.
പൊളിച്ചുവിറ്റ് ബോട്ടുകൾ
കനത്ത നഷ്ടം മൂലം ജില്ലയിലെ ബോട്ടുകൾ പൊളിച്ചുവിൽക്കുകയാണ്. രണ്ടുവർഷത്തിനകം ഏഴ് ബോട്ടുകളാണ് പൊളിച്ചുവിറ്റത്. തൊഴിലാളികളെ കിട്ടാനില്ലാത്തത് മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളില്‍ തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പല ബോട്ടുകളും ഇപ്പോള്‍ കടലില്‍ പോകുന്നില്ല. ചെറിയൊരു ബോട്ടില്‍ കുറഞ്ഞത് ആറ് ജോലിക്കാര്‍ വേണം. രണ്ടുദിവസം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടാണെങ്കില്‍ 10 തൊഴിലാളികളെങ്കിലും വേണം. ജില്ലയിലെ ഹാര്‍ബറുകളിലെ മിക്ക ബോട്ടുകളിലും അന്തർ സംസ്ഥാനക്കാരാണ് തൊഴിലാളികൾ. ഇവരില്‍ നല്ലൊരു പങ്കും കോവിഡിനെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങി. ഒന്നര വര്‍ഷമായി കടലില്‍നിന്ന് വേണ്ടത്ര മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ഇതിനുപുറമെ അടിക്കടിയുള്ള ഡീസല്‍ വിലക്കയറ്റവും തീരദേശ മേഖലയെ പട്ടിണിയിലാക്കി. ബോട്ടുകള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകാത്തതോടെ കിട്ടിയ വിലയ്ക്ക് പൊളിച്ചു വില്ക്കുകയാണിപ്പോൾ.
തിരിച്ചടിയായി കാലാവസ്ഥയും
കാലാവസ്ഥ വ്യതിയാനം മൂലം കരയോടൊപ്പം കടലിലും ചൂട് കൂടിയതോടെ മത്സ്യലഭ്യതയിൽ ഗണ്യമായ കുറവാണുണ്ടായത്. ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങൾ മറ്റിടങ്ങളിലേക്ക് മാറുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതുമൂലം വലിയ ബോട്ടുകൾ നഷ്ടം ഭയന്ന് ഉൾക്കടലിൽ പോകാതെ കരയോട് ചേർന്നാണ് മീൻ പിടിക്കുന്നത്. ചെറുതോണികളിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്കാണിത് തിരിച്ചടിയായത്.
കഴിഞ്ഞ ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയവർക്ക് കാര്യമായി മത്സ്യം ലഭിച്ചിട്ടില്ല. നിരോധന സമയത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് പലരും ബോട്ടിെൻറ അറ്റകുറ്റപ്പണി നടത്തിയത്. മിക്ക തൊഴിലാളികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മറ്റു പണികളാണ് ചെയ്യുന്നത്. കൃത്യമായ കാലാവസ്ഥയും ജലപ്രവാഹങ്ങളുമാണ് മത്സ്യോൽപാദനത്തിെൻറ മാനദണ്ഡം. കാലവർഷം ഒന്നു പിഴച്ചാൽ, മഴ നേരേത്ത വന്നാൽ, മഴ പെയ്യാൻ അൽപം വൈകിയാൽ, ചൂടു കൂടിയാൽ എല്ലാം മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പേറും. ചൂടു കൂടുമ്പോൾ മത്സ്യങ്ങളുടെ ഭക്ഷണമായ പ്ലവകങ്ങളുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടാവും. ഒപ്പം മഴയുടെ അളവും കുറയുമ്പോള്‍ പുഴകളിലെ വെള്ളം കടലില്‍ എത്താതെയാവും. മീനുകള്‍ മുട്ടയിടുന്ന സമയങ്ങളിലും മാറ്റം ഉണ്ടാവുന്നു. മത്സ്യങ്ങള്‍ പതിവിലും നേരേത്ത മുട്ട ഇടുന്ന സ്ഥിയുണ്ടാവും. ഇക്കാരണത്താൽ മുട്ടയുടെയും അതില്‍നിന്ന് വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെയും എണ്ണത്തിൽ കുറവുണ്ടാകുമെന്ന് സമുദ്ര മത്സ്യ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥയിൽ പ്രകടമായ താളംതെറ്റൽ തുടങ്ങിയതോടെയാണ് 2012നു ശേഷം മീൻ ലഭ്യത കുറഞ്ഞത്. അവിടം മുതലാണ് തീരവാസികളുടെ ജീവിതത്തിലും ഉപ്പു കലരാൻ തുടങ്ങിയത്.
കടലിനോട് അങ്കം വെട്ടിയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം. എങ്കിലും ജീവിതം തോൽക്കാനുള്ളതല്ലെന്ന് ഏണസ്റ്റ് ഹെമിങ് വേയുടെ വിഖ്യാത നോവലിലെ കിഴവൻ പറയുന്നുണ്ട്. അതുപോലെ മാനം തെളിയുന്നതും കടൽ കനിയുന്നതും കാത്ത് അവർ തീരത്തുതന്നെയുണ്ടാവും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.