മഞ്ചേരിയിൽ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
text_fieldsമഞ്ചേരി: 8.800 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ. തിരൂരങ്ങാടി ഒളകര സ്വദേശി ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ സ്വദേശി ആനക്കല്ലുങ്ങൽ അർഷാദ് (26), പയ്യനാട് കുട്ടിപ്പാറ സ്വദേശി വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂർ സ്വദേശി ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ സ്വദേശി മേലേകളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് മഞ്ചേരി പൊലീസും ജില്ല ആൻറി നർകോട്ടിക് സംഘവും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലുക്കലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് ഓട്ടോറിക്ഷകളിലായി വിൽപനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഇതിന് ഒന്നര ലക്ഷം രൂപ വില വരും. കഴിഞ്ഞ വർഷം ജനുവരിയിൽ ആന്ധ്രയിൽനിന്ന് ആംബുലൻസിൽ 46 കിലോ കഞ്ചാവ് കടത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഹനീഫ. ഒന്നര മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഷറഫുദ്ദീൻ മുമ്പ് കൊലപാതക കേസിൽ ഉൾപ്പെട്ടയാളാണ്. അബൂബക്കർ 2021 ജനുവരിയിൽ കൊണ്ടോട്ടിയിൽ അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ്. അർഷാദും കഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ബൈജുവിനെതിരെ കഞ്ചാവ്, കളവ്, കവർച്ച തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേരി എസ്.എച്ച്.ഒ റിയാസ് ചാക്കീരി, എസ്.ഐ സുജിത്, എ.എസ്.ഐ എ.കെ. സജീവ്, എസ്.സി.പി.ഒ അബ്ദുറഷീദ്, സി.പി.ഒമാരായ കെ. റിയാസ്, നിഷാദ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.