പ്രളയ നിയന്ത്രണം; പോത്തുകല്ലില്‍ അണക്കെട്ട് സാധ്യത പഠനത്തിന് വഴിയൊരുങ്ങുന്നു
text_fieldsമലപ്പുറം: മഴക്കാലത്ത് നിലമ്പൂര്‍ മേഖലയിലും ചാലിയാര്‍ പുഴയുടെ തീരങ്ങളിലും ഉണ്ടാകാറുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നാശനഷ്ടങ്ങള്‍ കുറക്കാനുമായി നിലമ്പൂരിലെ പോത്ത്കല്ല് പഞ്ചായത്തില്‍ പ്രളയ നിയന്ത്രണ അണക്കെട്ട് നിര്‍മിക്കാൻ സാധ്യത പഠനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ജലസേചന വകുപ്പ് തയാറാക്കിയ പ്രൊപ്പോസലിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം അംഗീകാരം നല്കി.
ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയര്‍ തയാറാക്കിയ മള്‍ട്ടി ഹസാര്‍ഡ് മിറ്റിഗേഷന്‍ ഡാം സാധ്യത പഠനത്തിനുള്ള പ്രപ്പോസല്‍ തുടര്‍ നടപടിക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയക്കാനും ജില്ല അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സാധ്യത പഠനത്തിന് പോത്ത്കല്ല് പഞ്ചായത്ത് ഭരണസമിതി നേരത്തെ അംഗീകാരം നല്‍കിയിരുന്നതാണ്. പ്രളയ നിയന്ത്രണം, വരള്‍ച്ച സമയത്ത് സമീപ പ്രദേശങ്ങളില്‍ ശുദ്ധ ജലലഭ്യത ഉറപ്പാക്കല്‍, ടൂറിസം വികസനം, ജലസേചനം, ഫിഷ് ഫാമിങ്, കാട്ടുതീ തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങളും ചാലിയാര്‍ പുഴയില്‍ പോത്ത്കല്ല് പ്രദേശത്ത് അണക്കെട്ട് പണിയുന്നതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്.
2018, 19 വര്‍ഷങ്ങളിലെ പ്രളയം ജില്ലയില്‍ ജീവഹാനി ഉള്‍പ്പെടെ ഏറ്റവും നാശനഷ്ടങ്ങള്‍ വരുത്തിയത് നിലമ്പൂര്‍ മേഖലയിലും ചാലിയാര്‍ നദീതടത്തിലുമാണ്. കേന്ദ്ര ജല കമീഷന്റെ മാര്‍ഗനിർദേശ പ്രകാരം വിവിധ തലങ്ങളിലുള്ള സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയ ശേഷമേ അണക്കെട്ട് സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ.
ഇതിന്റെ പ്രാഥമിക നടപടികള്‍ക്കാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ കൃത്യമായ അളവ് ദിവസേന പ്രാദേശികമായി ശേഖരിക്കാൻ ജില്ലയെ വിവിധ മേഖലകളായി തിരിച്ച് മഴ മാപിനികള്‍ സ്ഥാപിക്കാനുള്ള നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനക്ക് വിട്ടു.
ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാനും മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യത സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രദേശവാസികളായ കര്‍ഷകരെയോ പ്രഫഷനലുകളെയോ കണ്ടെത്തി ചുരുങ്ങിയ ചെലവില്‍ മാന്വല്‍ റെയിന്‍ ഗേജുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസല്‍ വയനാട് ആസ്ഥാനമായുള്ള ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനമാണ് മുന്നോട്ട് വെച്ചത്.
വയനാട് ജില്ലയില്‍ ഇത് ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്. യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മുരളീധരന്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.