അടിച്ചു കേറി വാ...
text_fieldsമലപ്പുറം: നീണ്ട ഒരുമാസത്തെ യൂറോകപ്പ്, കോപ അമേരിക്ക കാൽപന്താരവത്തിന് പരിസമാപ്തികുറിച്ച് തിങ്കളാഴ്ച കലാശപോരാട്ടത്തിന് അന്തിമ വിസിൽ മുഴങ്ങും. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ മലപ്പുറത്തുകാർക്ക് ആവേശത്തിന്റെ അലകടൽ സമ്മാനിച്ചാണ് പെരുമഴക്കാലത്ത് ഫുട്ബാൾ വസന്തം വിരുന്നെത്തിയത്. പാതിരാത്രി ഉറക്കമൊഴിച്ചും അതിരാവിലെ നേരത്തേ എണീറ്റും ഇഷ്ടടീമുകളുടെ മത്സരം കാണാൻ ആരാധകർ സമയം കണ്ടെത്തി. ഇഷ്ടടീമുകളുടെ ഫ്ലക്സുകൾ വെച്ചും കൊടിതോരണങ്ങൾ ഉയർത്തിയും മലപ്പുറം തങ്ങളുടെ കാൽപന്തുകളിയുമായുള്ള ഹൃദയബന്ധം വീണ്ടുമൊരിക്കൽകൂടി ഊട്ടിയുറപ്പിച്ചു.
ആരാധകർ തമ്മിലുള്ള വാഗ്വാദങ്ങൾ പലപ്പോഴും വലിയ പന്തയങ്ങളിലേക്കുവരെ നീണ്ടുപോയി. ജില്ലയിലെ പ്രമുഖ ഫുട്ബാൾ താരങ്ങളും ആരാധകരും ‘മാധ്യമ’വുമായി അഭിപ്രായം പങ്കുവെക്കുന്നു.
‘ഈ ചാമ്പ്യൻഷിപ് ഞങ്ങളുടെ മാലാഖക്ക്’
തുടർച്ചയായി മൂന്നു പ്രധാന ടൂർണമെന്റുകളിൽ രാജകീയമായി ചാമ്പ്യന്മാരായത് കൺകുളിർക്കെ കാണാൻ ഭാഗ്യം ലഭിച്ചവരാണ് ഞങ്ങൾ അർജൻറീന ഫാൻസ്. മുൻകാല ചാമ്പ്യൻഷിപ്പുകളെപ്പോലെ ഈ ഫൈനലിൽ ഞങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ പേടിയോ ഇല്ല. മുത്തമിട്ട കിരീടങ്ങൾക്കെല്ലാം ചിറകുവിരിച്ച് തന്ന എയ്ഞ്ചൽ ഡി മരിയ എന്ന മാലാഖക്കുവേണ്ടി ഈ ടൂർണമെൻറിലും ഞങ്ങൾ ചാമ്പ്യന്മാരാകും.-ഷഫീഖ് തോട്ടുപൊയിൽ, അർജന്റീന ആരാധകൻ
‘മൂർച്ചയുള്ള ആക്രമണം സ്പെയിനിന്റെ കരുത്ത്’
മുൻനിര ടീമുകളെയെല്ലാം മലർത്തിയടിച്ച് മികച്ച ടീം സ്ക്വാഡുമായി കലാശപോരാട്ടത്തിനിറങ്ങുന്ന സ്പെയിൻ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. പകരക്കാരായി ഇറങ്ങാനുള്ളവർ വരെ മുൻനിര കളിക്കാരാണ്. ബോറടിപ്പിക്കുന്ന പാസിങ് ഗെയിമിന് പകരം മൂർച്ചയുള്ള ആക്രമണമാണ് ഇത്തവണത്തെ ടീമിന്റെ സവിശേഷത. നായകൻ അൽവാരോ മൊറാട്ട-നിക്കോ വില്യംസ്- ലാമിനെ യമാൽ ത്രയം ടൂർണമെന്റിലെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയായി മാറിക്കഴിഞ്ഞു. പതിനാറുകാരനായ യമാലിന്റെ കളിയെ എതിരാളികൾപോലും വാഴ്ത്തിപ്പാടി. -ശരീഫ് ചേളാരി,സ്പെയിൻ ആരാധകൻ
‘കിരീടം കൊളംബിയക്കുതന്നെ’
ലാറ്റിനമേരിക്കൻ ഫുട്ബാൾ സൗന്ദര്യം പൂർണമായും ആവാഹിച്ചാണ് കൊളംബിയ ഇത്തവണ ഫൈനൽ കളിക്കാനെത്തുന്നത്. 2014 ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും നിർഭാഗ്യം വേട്ടയാടിയ ടീമായിരുന്നു. എന്നാൽ, ഇത്തവണത്തെ കോപ അമേരിക്കൻ കിരീടം കൊളംബിയ ചൂടും എന്നതിൽ ഒരു തർക്കവുമില്ല. റെക്കോഡുകൾ ഭേദിച്ച ജെയിംസ് റോഡിഗ്രസും മുന്നേറ്റനിരയിലെ ലൂയിസ് ഡയസും ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. -അഫ് ലഹ് വടക്കാങ്ങര, കൊളംബിയൻ ആരാധകൻ
‘ഇംഗ്ലീഷ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല’
യൂറോ മത്സരങ്ങൾ ആരംഭിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഫോം മങ്ങിയ നിലയിലായിരുന്നു. എന്നാൽ, മത്സരങ്ങൾ കഴിയുംതോറും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടുവന്നു. സെമിയിൽ കരുത്തരായ ഡച്ച് പടയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം ടീമിനുണ്ട്. കോച്ചും ടീമംഗങ്ങളുമെല്ലാം മികച്ച പ്രതീക്ഷയിലാണ്. ഏതു വമ്പന്മാരെയും മലർത്തിയടിക്കാൻ കഴിവുള്ള മികച്ച കളിക്കാരുള്ള ടീമാണ്. സാക, ഫോഡൻ, ബെല്ലിങ്ഹാം എന്നിവരുടെ മികച്ച പ്രകടനത്തിൽ ക്യാപ്റ്റൻ ഹാരി കെയിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് പട കിരീടം ചൂടും.-റാഷിദ് മഞ്ചേരി, ഇംഗ്ലണ്ട് ആരാധകൻ
‘യൂറോ സാധ്യത സ്പെയിനിന്’
ആക്രമണത്തിനും പൊസിഷൻ ഗെയിമിങ്ങിനും യൂറോകപ്പിലെ ടീമുകൾ നടത്തിയ പ്രകടനം മികച്ചതാണ്. കുഞ്ഞൻ ടീമുകൾ എന്ന് വിശേഷിപ്പിച്ചവർ വരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കോപ്പ അമേരിക്ക പോരാട്ടങ്ങൾ കേവലം മൂന്നോ നാലോ ടീമുകളിൽ ഒതുങ്ങി നിന്നപ്പോഴും യൂറോകപ്പിലെ കളികൾ മുഴുവനും ഒന്നിനൊന്ന് മികച്ചതായിരുന്നു. വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറം മികച്ച ടീം വർക്ക് നടത്തുന്ന സ്പെയിൻ കപ്പ് അടിക്കാനാണ് സാധ്യത. -അബ്ദുൽ റബീഅ്, ഇന്ത്യൻ ഫുട്ബാൾ താരം
‘ഇംഗ്ലണ്ട് കിരീടം ചൂടും’
ലാറ്റിനമേരിക്കൻ ഗെയിമും യൂറോപ്യൻ ഫുട്ബാളും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇത്തവണ യൂറോ മത്സരങ്ങൾ ഏറെക്കുറെ എല്ലാം കണ്ടിട്ടുണ്ട്. മികച്ച പ്രകടനമാണ് പ്രമുഖരല്ലാത്ത യൂറോപ്യൻ ടീമുകൾ പോലും കാഴ്ചവെച്ചത്. പ്രതിഭാധനരായ ഒരുപറ്റം യുവകളിക്കാരും ഇത്തവണ മൈതാനത്ത് വിസ്മയം തീർത്തു. നെയ്മർ കളിക്കാനില്ലാത്തത് കോപ്പ അമേരിക്കയുടെ മാറ്റുകുറച്ചു. ഫൈനലിൽ ഇംഗ്ലണ്ട് കിരീടം ചൂടുമെന്നാണ് പ്രതീക്ഷ.-മുഹമ്മദ് സനാൻ, അണ്ടർ -23 ഇന്ത്യൻ ഫുട്ബാൾ താരം
‘കൊളംബിയയെ എഴുതിത്തള്ളാനാവില്ല’
മികച്ച മത്സരങ്ങളാണ് രണ്ട് ടൂർണമെന്റിലും അരങ്ങേറിയത്. യൂറോകപ്പിൽ ചില കളികൾ ഉയർന്ന നിലവാരം പുലർത്തി. യൂറോകപ്പ് കിരീടസാധ്യത സ്പെയിനിനാണ്. കളിക്കാരുടെ ഒത്തൊരുമ പലപ്പോഴും അവർക്കു മുതൽക്കൂട്ടാണ്. കാലങ്ങളായുള്ള കിരീടമോഹമോയെത്തുന്ന ഇംഗ്ലണ്ട് കപ്പ് അടിക്കണം എന്നാണ് ആഗ്രഹം. കോപ്പ അമേരിക്കയിൽ അർജന്റീനക്കാണ് സാധ്യത എങ്കിലും കൊളംബിയയെ എഴുതി തള്ളാൻ പറ്റില്ല. -ഫിറോസ് കളത്തിങ്ങൽ, കേരള പൊലീസ് ഫുട്ബാൾ താരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.