അഞ്ചുവര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനം; ഗോള്‍ പദ്ധതി പരിശീലനങ്ങള്‍ക്ക് തുടക്കം
text_fieldsമലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഗോള്‍’ ഗ്രാസ് റൂട്ട് ഫുട്ബാള്‍ പരിശീലന പദ്ധതിയുടെ കോച്ചുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പരിശീലകര്‍ക്കാണ് ആദ്യഘട്ടം പരീശീലനം ഒരുക്കിയത്. മലപ്പുറത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനുമായ യു. ഷറഫലി നിര്‍വഹിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആർ. അര്ജുന് സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചെറുപ്രായത്തില്‍ ഫുട്ബാളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം. അഞ്ചുവര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രത്തിലായി ഒരുലക്ഷം പേര്‍ക്ക് പരിശീലനം നല്കി. രണ്ടാംഘട്ടം വിദഗ്ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം വീതം ആരംഭിച്ചു.
10നും 12നും ഇടയില്‍ പ്രായമുള്ള തിരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നല്‍കും. പരിശീലന ഉപകരണങ്ങള്‍, രണ്ടുവീതം പരിശീലകര്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ ലഭ്യമാക്കും. പഠനസമയത്തെ ബാധിക്കാത്ത രീതിയില്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ വീതമുള്ള രണ്ട് സെഷനായാണ് പരിശീലനം. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് ഗോള്‍ പദ്ധതിക്ക് നിയമിക്കുന്നത്. കൂടാതെ, ഓരോ കേന്ദ്രത്തിലും മുന്‍കാല സന്തോഷ് ട്രോഫി താരങ്ങളുടെ മേല്‍നോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും.
തീവ്രപരിശീലന പദ്ധതിയില്‍ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പരിശീലനവും കൂടുതല്‍ മികച്ച മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.