കാര്‍ഷിക വികസനത്തിന് കൃഷിഭവനുകള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്തും -മന്ത്രി പി. പ്രസാദ്
text_fieldsമലപ്പുറം: കാര്‍ഷിക മേഖലയുടെ വികസനത്തിന് കൃഷിഭവനുകള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓരോ കൃഷിഭവനുകളെക്കുറിച്ചും വിശദമായി പരിശോധിക്കുമെന്നും റാങ്കില്‍ താഴെയുള്ളവയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങളും കൃഷിയിടത്തിലേക്ക്' പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ജനകീയ പരിപാടിയാക്കി മാറ്റും. അതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതികള്‍ രൂപവത്കരിക്കും മുമ്പ് കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. നടത്തിപ്പിലും കര്‍ഷക പങ്കാളിത്തം ഉറപ്പാക്കും. യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, ക്ലബുകള്‍, അംഗൻവാടി ടീച്ചര്മാര്, ആശ വര്‍ക്കര്‍മാര്‍, മത- സാമുദായിക സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും 10 അംഗങ്ങളെങ്കിലുമുള്ള കൂട്ടായ്മ രൂപവത്കരിക്കും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ആഗോള താപനവും ആരോഗ്യ പ്രശ്നങ്ങളും മുന്‍നിര്‍ത്തി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പ്ലോട്ടുകള്‍ സ്ഥാപിക്കും. നാളികേര സംഭരണം ജില്ലയില്‍ കാര്യക്ഷമമാക്കും. ഭക്ഷണം വിഷമാകുന്ന സാഹചര്യം ഇല്ലാതാക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികളില്‍ 30 ശതമാനം കാര്‍ഷിക മേഖലക്ക് നീക്കിവെക്കാന്‍ കൃഷി ഓഫിസര്‍മാര്‍ ഇടപെടണം. ലോകത്തെ കര്‍ഷകരെല്ലാം കൃഷി അവസാനിപ്പിച്ചാല്‍ സര്‍വനാശമുണ്ടാകും. കര്‍ഷകരുടെ മനസ്സ് നിറഞ്ഞാല്‍ നാടിന് നന്മയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി വകുപ്പ് ജീവനക്കാരുമായി സംവദിച്ച മന്ത്രി മലപ്പുറം ഇ-ഓഫിസ് സംവിധാനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. അഡീഷനല്‍ സെക്രട്ടറി സാബിര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഡോ. പി. രാജശേഖരന്, ടെസി എബ്രഹാം, ആര്. രുക്മിണി, കെ. ചന്ദ്രന്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.