മമ്പാട് ഇളമ്പുഴയിൽ പുലിക്കെണി സ്ഥാപിച്ച് വനം വകുപ്പ്
text_fieldsമമ്പാട് ഇളമ്പുഴയിൽ നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പ് പുലിക്കെണി സ്ഥാപിക്കുന്നു
നിലമ്പൂർ: മമ്പാടിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ചതോടെ വനം വകുപ്പ് പുലി ക്കെണി സ്ഥാപിച്ചു. പുലിയെ രണ്ട് തവണ കണ്ടതായി പറയുന്ന എളമ്പുഴയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചത്. സ്വകാര്യ റബർ തോട്ടത്തിലാണ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും എമർജൻസി റെസ്ക്യൂ ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കെണി സ്ഥാപിച്ചത്.
എളമ്പുഴയില് പട്ടാപ്പകലാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. പ്രദേശവാസിയായ ബിനേഷാണ് പുലിയെ ആദ്യം കണ്ടത്. ഇയാളുടെ മൊബൈൽ ഫോണിൽ പുലി ഓടി മറയുന്ന വീഡിയോ ദൃശ്യം പകര്‍ത്തിയിരുന്നു. മമ്പാട് നടുവക്കാട് പുത്തൻകുളത്തിന് സമീപം ഞായറാഴ്ച വയോധികന് നേരെ പുലിയുടെ ആക്രമണവുമുണ്ടായി. പൂക്കോടന്‍ മുഹമ്മദലിയെയാണ് പുലി മാന്തി പരിക്കേല്‍പ്പിച്ചത്.
രാവിലെ 7.30 ഓടെ മമ്പാട് കോളജിന് സമീപത്തെ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുപ്പോഴാണ് ഇയാള്‍ക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. പുലി പിന്നീട് സമീപത്തെ റബര്‍ തോട്ടത്തിലൂടെ ഓടി മറഞ്ഞതായും മുഹമ്മദാലി പറഞ്ഞു. പുലി ഭീതി പരന്നതോടെ കൂട് വെച്ച് പുലിയെ പിടികൂടണമെന്ന് ഗ്രാമപഞ്ചയത്തും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പുലിയെ പിടികൂടണമെന്ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വനം മന്ത്രി എ.കെ. ശശിന്ദ്രന് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ നിർദേശം നൽകുകയായിരുന്നു. കൂട്ടില്‍ ഇരയും വെച്ചാണ് കെണി ഒരുക്കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.