വന്യമൃഗങ്ങളെ പിടികൂടാൻ ദൗത്യസംഘത്തിനായി വനം വകുപ്പ് ചെലവിട്ടത് 60 ലക്ഷം രൂപ
text_fieldsമലപ്പുറം: ജനവാസ മേഖലയിൽ നിരന്തരം ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് സംരക്ഷണമൊരുക്കാനും കൂടുതൽ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇടുക്കി, വയനാട്, പാലക്കാട്, നിലമ്പൂർ മേഖലകളിൽ കാട്ടാനകൾ അടക്കമുള്ളവ നാട്ടിലിറങ്ങി നാശം വിതക്കുന്നത് തുടരുകയാണ്. വന്യമൃഗ ശല്യമുള്ള ഭാഗങ്ങളിലേക്ക് പ്രത്യേക ദൗത്യസംഘങ്ങളെ ആവശ്യപ്പെട്ടും സ്ഥിരം പ്രതിരോധ സംവിധാനങ്ങളുന്നയിച്ചും നിരവധി പരാതികൾ വരുന്നുണ്ടെങ്കിലും തക്കതായ പരിഹാരം കണാൻ വനം വകുപ്പിനാവുന്നില്ലെന്നാണ് ആക്ഷേപം. വന്യമൃഗങ്ങളെ പിടിക്കാൻ ഇതുവരെ വനം വകുപ്പിന് കീഴിലെ ദൗത്യസംഘങ്ങൾക്കായി (ടാസ്ക് ഫോഴ്സ്) സർക്കാർ ചെലവഴിച്ചത് 60.06 ലക്ഷം രൂപയാണെന്ന് വനം വകുപ്പിൽനിന്ന് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു.
വിവിധ വനം സർക്കിളുകളിലായി സംസ്ഥാനത്ത് ഇതുവരെ 26 ടാസ്ക് ഫോഴ്സുകളാണ് വനം വകുപ്പ് രൂപവത്കരിച്ചത്. സംസ്ഥാനത്ത് പാലക്കാട് നോർത്തേൺ സർക്കിളിലാണ് വന്യമൃഗങ്ങളെ പിടികൂടാൻ വനം വകുപ്പ് കൂടുതൽ തുക ചെലവഴിച്ചത്-23.56 ലക്ഷം. കണ്ണൂർ നോർത്തേൺ സർക്കിളിൽ 16.56 ലക്ഷവും പാലക്കാട് വൈൽഡ് ലൈഫ് സർക്കിളിൽ 10.82 ലക്ഷവും പ്രത്യേക ദൗത്യത്തിനായി െചലവിട്ടു. കോട്ടയം ഹൈറേഞ്ച് സർക്കിളിൽ 8.48 ലക്ഷവും കൊല്ലം സതേൺ സർക്കിളിൽ 63,000 രൂപയുമാണ് െചലവഴിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി ദേവികുളത്ത് ഭീഷണി ഉയർത്തിയ അരിക്കൊമ്പനെ പിടികൂടാനായി 2017ൽ സർക്കാർ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചിരുെന്നങ്കിലും പരാജയപ്പെട്ടിരുന്നു. വീണ്ടും ഭീഷണിയായ ഈ ആനയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ദൗത്യസംഘം രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ റാപ്പിഡ് റെസ്പോൺസ് ടീം ജീവനക്കാരെയും വിവിധ സെക്ഷൻ സ്റ്റേഷൻ സ്റ്റാഫുകൾ, വെറ്ററിനറി സർജൻ തുടങ്ങിയവരെയും ഉൾപ്പെടുത്തി വന്യജീവികളെ പിടികൂടുന്നുണ്ട്. എന്നാൽ, ജീവനക്കാരുടെ കുറവും സംവിധാനങ്ങളുടെ പോരായ്മയും മൂലം പലയിടത്തും പരിഹാരം കാണാനാവുന്നില്ലെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.