അമരമ്പലത്ത് വനം ദ്രുതകർമ സേന യൂനിറ്റ് പ്രവർത്തനം തുടങ്ങി
text_fieldsപൂക്കോട്ടുംപാടം: മുറവിളികൾക്കൊടുവിൽ അമരമ്പലം കേന്ദ്രമാക്കി വനം ദ്രുതകർമ സേന (ആർ.ആർ.ടി) യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. അമരമ്പലം സൗത്ത് സെന്‍ട്രല്‍ ബീറ്റിലാണ് യൂനിറ്റിന്റെ ആസ്ഥാനം. വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളെയും അപകടത്തില്‍പെടുന്ന മൃഗങ്ങളെയും രക്ഷപ്പെടുത്തുകയാണ് സേനയുടെ പ്രധാന സേവനങ്ങൾ.
ഇതുവരെ ജില്ലയില്‍ നിലമ്പൂര്‍ അരുവാക്കോടുള്ള യൂനിറ്റ് മാത്രമാണുണ്ടായിരുന്നത്. ഡെപ്യൂട്ടി റേഞ്ചര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരും ഒരു വാഹനവും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. വന ദ്രുതകർമ സേനക്ക് വന്യ മൃഗശല്യം രൂക്ഷമായ നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ കേന്ദ്രീകരിച്ച് ഒരു യൂനിറ്റുകൂടി വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
കാളികാവ് ഫോറസ്റ്റ് റേഞ്ചർ ഓഫിസർ മുൻകൈയെടുത്ത് കഴിഞ്ഞ 27നാണ് അമരമ്പലത്ത് പുതിയ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. അമരമ്പലം, കരുളായി, കാളികാവ്, കരുവാരകുണ്ട് വനപരിധികളിലാണ് ഇവരുടെ സേവനം ലഭിക്കുക.
വനംവകുപ്പിന്റെ വിവിധ സ്റ്റേഷനുകളിൽനിന്ന് താൽക്കാലികമായി നിയോഗിച്ച രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസർമാരും നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും മൂന്ന് വാച്ചര്‍മാരും ഡ്രൈവറും ഉള്‍പ്പെടെ 11 പേരാണ് ജീവനക്കാരായുള്ളത്. പടുക്ക സ്റ്റേഷനിലെ പഴയ വാഹനമാണ് യൂനിറ്റിന് താല്‍ക്കാലികമായി നല്‍കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.