അധ്യാപക നിയമനത്തിന് വ്യാജരേഖ; ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി
text_fieldsമലപ്പുറം: കരുവാരകുണ്ട് ദാറുന്നജാത്ത് യു.പി സ്കൂളിലെ അധ്യാപക നിയമനത്തിന് വ്യാജരേഖകൾ നിർമിച്ച് ഒരു കോടിയോളം രൂപ സർക്കാർ ഫണ്ട് തട്ടിയെടുത്തെന്ന വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ സർക്കാർ നടപടി വൈകിയതോടെ പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു. തട്ടിപ്പ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി സർക്കാറിനോട് വിശദീകരണം തേടി. പരാതിക്കാരനായ എം. ഹുസൈനാരാണ് ഹരജി നൽകിയിരുന്നത്.
ദാറുന്നജാത്ത് മാനേജ്മെന്റിന്റെ മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്ത അധ്യാപകർ, കേന്ദ്രസർക്കാറിന്റെ ഏരിയ ഇന്റൻസിവ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി അനുവദിച്ച സ്കൂളിൽ പ്രവർത്തിച്ചെന്ന വ്യാജരേഖയുണ്ടാക്കി മുൻകാല പ്രാബല്യം നേടി ശമ്പളം കൈപ്പറ്റിയെന്നാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ടെത്തിയത്.
ഇങ്ങനെ വ്യാജരേഖയിൽ നിയമനം നേടിയ മൂന്ന് അധ്യാപകർക്കും പ്രധാനാധ്യാപകനുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നും 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തിരുന്നത്. എന്നാൽ, ഇതിൽ നടപടി വൈകിക്കുകയാണെന്ന് ആരോപണമുയരുന്നതിനിടയിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളും ബന്ധുക്കളും പ്രതിയായ കേസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.