ദുരന്ത നിവാരണ വകുപ്പിന്റെ അനുമതി കിട്ടിയില്ല കോട്ടക്കുന്ന് അഴുക്കുചാൽ പദ്ധതി നീളും
text_fieldsമലപ്പുറം: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ കോട്ടക്കുന്നിൽ പ്രഖ്യാപിച്ച അഴുക്കുചാൽ പദ്ധതി ഇനിയും വൈകും. നിലവിൽ 2.15 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി അനുമതിക്കായി ദുരന്ത നിവാരണ വകുപ്പിന് ജില്ല ഭരണകൂടം കൈമാറിയെങ്കിലും പദ്ധതിയിൽ അംഗീകാരം ലഭിച്ചിട്ടില്ല.
കോട്ടക്കുന്ന് പാർക്കിലെ മണ്ണിടിച്ചിൽ ഒഴിവാക്കാനാണ് സ്ഥലത്ത് വെള്ളം ഒഴുകാൻ അഴുക്കുചാൽ പ്രഖ്യാപിച്ചത്. 2019 ആഗസ്റ്റ് ഒമ്പതിന് സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അഴുക്കുചാൽ ഒരുക്കാൻ തീരുമാനിച്ചത്. 2022 ആഗസ്റ്റിൽ റവന്യൂ മന്ത്രി കെ. രാജൻ കോട്ടക്കുന്നില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ തടയാനായി മഴവെള്ളം ഒഴുകി പോകാന്‍ അഴുക്കുചാൽ സംവിധാനം നിർമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് നിയമസഭയിൽ ഉറപ്പും നൽകിയിരുന്നു.
ശക്തമായി മഴ പെയ്താൽ പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ശക്തമായ മഴ പെയ്താല്‍ കോട്ടക്കുന്നിലെ 15ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ് പതിവ്. മുകൾ ഭാഗത്തെ വെള്ളം ഒഴുകാനുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് കോട്ടക്കുന്നിലെ മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് (സി.എസ്.ആർ.ഡി) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്ഥലത്ത് കോണ്ടൂര് സര്‍വേയും എസ്റ്റിമേറ്റ് നടപടികളും പൂർത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.