തിരൂരുകാരായ നാല് എം.എൽ.എമാർ നിയമസഭയിൽ
text_fieldsതിരൂർ: പുതിയ നിയമസഭയിൽ തിരൂരിൽനിന്നുള്ള നാല് എം.എൽ.എമാർ ഉണ്ടാകും. കഴിഞ്ഞ തവണ തിരൂരുകാരായ രണ്ട് എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. ഭരണകക്ഷിയിൽനിന്നും പ്രതിപക്ഷത്തുനിന്നുമായി രണ്ട് വീതം എം.എൽ.എമാരുടെ പ്രാതിനിധ്യമാണ് തിരൂർ മണ്ഡലത്തിനുള്ളത്.
തുടർച്ചയായി മൂന്നാം തവണ നിയമസഭയിലെത്തുന്ന അഡ്വ. എൻ. ഷംസുദ്ദീൻ, രണ്ടാം ജയം നേടിയ വി. അബ്ദുറഹിമാൻ, കന്നിവിജയികളായ കുറുക്കോളി മൊയ്തീൻ, പി. നന്ദകുമാർ എന്നിവരാണ് തുഞ്ചെൻറ മണ്ണിൽനിന്ന് നിയമസഭയിലെത്തുന്നത്. മണ്ണാർക്കാട്ടുനിന്ന് ഹാട്രിക് വിജയം നേടിയാണ് മുറിവഴിക്കൽ സ്വദേശിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഷംസുദ്ദീൻ നിയമസഭയിലെത്തുന്നത്. തിരൂർ ബാർ കൗൺസിലിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
ലീഗിെൻറ പച്ചക്കോട്ടയായ താനൂർ മണ്ഡലത്തിൽനിന്ന് തുടർച്ചയായ രണ്ടാം അട്ടിമറി വിജയത്തിലൂടെയാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ വി. അബ്ദുറഹിമാൻ നിയമസഭയിലേക്കെത്തുന്നത്. തിരൂർ പൊറൂർ സ്വദേശിയായ അദ്ദേഹം കെ.പി.സി.സി മുൻ അംഗമാണ്. കോൺഗ്രസ് കൗൺസിലറായി ജയിച്ച് തിരൂർ നഗരസഭ വൈസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
തിരൂരിൽനിന്ന് വിജയക്കൊടി നാട്ടിയാണ് ഇതേ മണ്ഡലത്തിൽപെടുന്ന കുറുക്കോൾ സ്വദേശിയായ കുറുക്കോളി മൊയ്തീെൻറ നിയമസഭ പ്രവേശനം. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻറാണ്.
പൊന്നാനിയിൽനിന്ന് വിജയത്തേരിയിലേറിയാണ് പി. നന്ദകുമാർ നിയമസഭയിലേക്ക് ടിക്കറ്റുറപ്പിച്ചത്. തിരൂർ തൃക്കണ്ടിയൂർ സ്വദേശിയായ നന്ദകുമാർ കുറച്ചുവർഷമായി ചങ്ങരംകുളത്താണ് താമസം. തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറിയെന്ന നിലയിലും ബന്ധുക്കളെല്ലാം ഇവിടെയായതിനാലും തിരൂരിലെ നിത്യസന്ദർശകനാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.