63 ലക്ഷം രൂപയുടെ സ്വർണവുമായി നാലുപേർ പിടിയിൽ
text_fieldsമലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച 63 ലക്ഷം രൂപയുടെ സ്വർണവുമായി നാലുപേർ അരീക്കോട് പൊലീസ് പിടിയിൽ.
ദോഹയിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന കോഴിക്കോട് കൊടിയത്തൂര്‍ അഷ്റഫ് (56), സ്വർണം കൈപ്പറ്റിയ താമരശ്ശേരി മിദ്ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ച ആറുമണിക്ക് ദോഹയില്‍നിന്ന് കൊച്ചിയിൽ എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ അഷ്റഫാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്.
ഇയാൾ എട്ടു മണിയോടെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് സ്വർണവുമായി ഒരു സംഘം നെടുമ്പാശ്ശേരിയിൽനിന്ന് കൊടുവള്ളിയിലേക്ക് പോകുന്നുണ്ടെന്ന രഹസ്യ വിവരം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അരീക്കോട്ടുവെച്ച് കസ്റ്റഡിയിലെടുത്തത്. വിശദമായ പരിശോധനയിലാണ് കാറിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച രീതിയില്‍ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തിയത്. സംഘം സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.
1063 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് സ്വർണം കടത്തിയത്. കടത്ത് സ്വർണം കൈപ്പറ്റി അഷ്റഫിനെയും കുടുംബത്തെയും കാറില്‍ കൊടുവള്ളിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവര്‍ പിടിയിലായത്. സ്വർണവും ഒരു ലക്ഷം രൂപയും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.