അഞ്ചുകോടി വരെ വില പറഞ്ഞ 'ഇരുതലമൂരി'യുമായി തട്ടിപ്പ്; വേങ്ങൂര്‍ സ്വദേശി പിടിയില്‍
text_fieldsമേലാറ്റൂർ: മൂന്നര കിലോയോളം തൂക്കമുള്ള 'ഇരുതലമൂരി' പാമ്പുമായി യുവാവ് പിടിയിൽ. വേങ്ങൂർ സ്വദേശി പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിഖാണ് (30) മേലാറ്റൂർ പെലീസിന്‍റെ പിടിയിലായത്. മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പിനെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരകുണ്ട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
സംസ്ഥാനത്തിനകത്തും നിന്നും പുറത്തുനിന്നും ആളുകള്‍ ഇവരെ സമീപിക്കുന്നതായും അഞ്ചുകോടി വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരുതലമൂരിയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്‍റെ പേരില്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്.
അതിനാൽ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ള ജീവികളുടെ ഗണത്തില്‍പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വെക്കുന്നതോ വില്‍പന നടത്തുന്നതോ നിയമവിരുദ്ധമാണ്. ഇത്തരത്തിൽ കോടികള്‍ തട്ടുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.എസ്. ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. മേലാറ്റൂര്‍ എസ്.ഐ സജേഷ് ജോസ്, എസ്.സി.പി.ഒ നിധിന്‍ ആന്‍റണി, ജില്ല ആന്‍റി നർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാര്‍, ദിനേഷ് കിഴക്കേക്കര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.