മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ: ചരിത്ര സ്മാരകങ്ങൾ നിർമിക്കാൻ മലപ്പുറം ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: മലബാറിലെ സ്വാതന്ത്ര്യസമര പോരാളികളെയും പോരാട്ടങ്ങളെയും പുതിയ തലമുറക്ക് പഠനവിധേയമാക്കുന്നതിന് ചരിത്ര സ്മാരകങ്ങള്‍ നിർമിക്കാൻ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. പ്രസിഡൻറ് എം.കെ. റഫീഖയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റു മരിച്ചു വീണ കോട്ടക്കുന്നില്‍ ചരിത്ര സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തിെൻറ ഉടമസ്ഥാവകാശമുള്ള ഡി.ടി.പി.സിക്ക് കത്ത് നല്‍കും. ടി.പി.എം. ബഷീറാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം പുറത്തുവിടുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അലംഭാവത്തില്‍ യോഗം പ്രതിഷേധം അറിയിച്ചു. എത്ര കുട്ടികള്‍ക്ക് പഠന സംവിധാനമില്ല എന്ന കാര്യത്തില്‍ കൃത്യമായ കണക്കു പോലും നിലവില്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഡി.ഡി.ഇ, എസ്.എസ്.കെ പ്രതിനിധികള്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങൾ, നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജൂലൈ 12ന് രാവിലെ 11ന് യോഗം ചേരും.
ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ പല സംവിധാനങ്ങളും കെട്ടിടങ്ങളും ആളനക്കമില്ലാത്തതിനാല്‍ നശിക്കുകയാണ്. അധ്യാപകര്‍ക്ക് സ്കൂളിലെ ഡ്യൂട്ടിക്ക് പുറമെ മറ്റു ചുമതലകളും നൽകിയിട്ടുണ്ട്. വിഷയം സര്‍ക്കാറിെൻറ ശ്രദ്ധയില്‍ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിനായി ജില്ലതല വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങളും ചേര്‍ന്ന് സ്കൂളുകളിൽ പരിശോധന നടത്താനും തീരുമാനിച്ചു. വി.കെ.എം. ഷാഫിയാണ് വിഷയം ഉന്നയിച്ചത്.
വൈസ് പ്രസിഡൻറ് ഇസ്മായില്‍ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ സറീന ഹസീബ്, ആലിപ്പറ്റ ജമീല, അംഗങ്ങളായ പി.വി. മനാഫ്, എ.പി. ഉണ്ണികൃഷ്ണന്, കെ.ടി. അഷ്റഫ്, കെ. സലീന, ടി.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.