ഫ്രീസർ തകരാർ; മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയെന്ന് പരാതി
text_fieldsതിരൂർ: ശനിയാഴ്ച രാവിലെ തുമരക്കാവിൽ ട്രെയിൻ തട്ടി മരിച്ച പത്തനംതിട്ട കാട്ടൂർ കോഴഞ്ചേരി സ്വദേശി മാവുങ്കമണ്ണിൽ നാസറിന്റെ (58) മൃതദേഹം അഴുകിയെന്ന് പരാതി. ബന്ധുക്കൾക്ക് വിട്ടുനൽകാൻ സൂക്ഷിച്ച മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ അഴുകിയത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും മൊബൈൽ ഫ്രീസർ തകരാറിലായതാണ് കാരണമെന്നും നാസറിന്റെ ബന്ധുക്കളും യൂത്ത് കോൺഗ്രസും ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഹാരിസ് മുതൂരിന്റെയും നിയോജക മണ്ഡലം പ്രസിഡൻറ് അഷ്റഫ് ആളത്തിലിന്റെയും നേതൃത്വത്തിൽ ആശുപത്രി ആർ.എം.ഒ ബബിത മുഹമ്മദിനെ ഉപരോധിച്ചു.
ആഗസ്റ്റ് 31നാണ് നാസർ ട്രെയിൻ തട്ടി മരിച്ചത്. അന്ന് മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ ജില്ല ആശുപത്രി മോർച്ചറിയിലെത്തി, മൃതദേഹം നാസറിന്റേതാണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കൾ ദുർഗന്ധം വമിച്ചതും രക്തം ഒഴുകുന്നതും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഈ സമയത്താണ് കാഷ്വാലിറ്റി ടിക്കറ്റ് നിരക്ക് കുറക്കണമെന്ന ആവശ്യവുമായെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടത്.
നടപടിയെടുക്കുമെന്ന് ആർ.എം.ഒ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഫ്രീസറിന്റെ അടപ്പ് തകരാറിലായതാണ് മൃതദേഹം അഴുകാനിടയാക്കിയതെന്നാണ് ആരോപണം. എന്നാൽ, മൈനസ് ആറ് ഡിഗ്രിയിൽതന്നെയാണ് ഫ്രീസർ പ്രവർത്തിച്ചിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ജൂണിൽ ഒഡിഷ സ്വദേശി അനന്ത് റാം ഭട്ടാരയുടെ മൃതദേഹം അഴുകിയതും ജില്ല ആശുപത്രിയിൽ പരാതിക്കും പ്രതിഷേധത്തിനുമിടയാക്കിയിരുന്നു. ഇതിനുശേഷം ഫ്രീസർ നന്നാക്കിയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ട്രെയിൻ തട്ടി മരിച്ച നാസർ കഴിഞ്ഞ 28നാണ് വീട്ടിൽനിന്ന് പോന്നത്. കോഴിഞ്ചേരി വെണ്ണുക്കുളത്ത് തുണിക്കട നടത്തുകയായിരുന്നു. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് അൻസിൽ, അനീഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.