ഗർഭംകലക്കി മുതൽ പുറംമാന്തി വരെ, ഉപ്പിലിട്ടതിനും സോഡകൾക്കും ആവശ്യക്കാർ ഏറെ
text_fieldsതിരൂരങ്ങാടി: ചെറുമുക്കിലെ പള്ളിക്കത്താഴത്ത് നോമ്പുതുറയും രാത്രിനമസ്കാരവും കഴിഞ്ഞാൽ വഴിയോരത്തുള്ള പെട്ടിക്കടകളിൽ തിരക്ക്. വ്യത്യസ്ത രുചിയിലും നിറത്തിലുമുള്ള സോഡകളും വ്യത്യസ്ത പഴങ്ങൾ ഉപ്പിലിട്ടതും ആസ്വദിക്കാൻ പരിസരത്തുള്ള യുവാക്കൾക്ക് പുറമെ ഇതര സ്ഥലങ്ങളിലുള്ള ആളുകളുടെയും ഒഴുക്കാണിപ്പോൾ.
പേരുപോലെ വ്യത്യസ്തമായ സോഡകളാണിപ്പോൾ ലഭ്യമാവുന്നത്. പുറംമാന്തി സോഡ, മഞ്ചാടി സോഡ, ഗർഭംകലക്കി സോഡ, സൂനാമി സോഡ, മോര് സോഡ, നന്നാറി സോഡ എന്നിങ്ങനെ പോകുന്നു ഇവയുടെ നീണ്ട നിര. റമദാൻ അവസാനിക്കുമ്പോഴേക്ക് തിരക്ക് വർധിച്ചുവരുമെന്ന് ഇവിടത്തെ കടയുടെ നടത്തിപ്പുകാരായ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശികളായ എ.കെ. ലത്തീഫ്, പറമ്പേരി അഷ്റഫ് എന്നിവർ കൂട്ടിച്ചേർത്തു.
സോഡയിലേക്കും ഉപ്പിലിട്ടതിലേക്കുമുള്ള ചേരുവകളായ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ഇരട്ടിമധുരം എന്നിവ ഇടിച്ചുപിഴിഞ്ഞ് പേസ്റ്റ് രൂപത്തിലാക്കി ഇവർ വീടുകളിൽനിന്ന് കൊണ്ടുവന്നാണ് സോഡകളിലും മറ്റും ചേർക്കുന്നത്. ഇതിനാൽതന്നെ സോഡകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ചുറ്റും വയലുകളാലും ആമ്പൽ പാടങ്ങളാലും നിറഞ്ഞ ചെറുമുക്ക് പ്രദേശത്തെ വയലോരത്തുള്ള ഈ കടകളിൽനിന്ന് വ്യത്യസ്ത രുചി ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.