പ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ വനിതാലീഗ് ചായപ്പൊടിയുമായി വീടുകളിലേക്ക്
text_fieldsമലപ്പുറം: ഒരു മാസം നീളുന്ന ചായപ്പൊടി വിൽപനയിലുടെ ധനസമാഹരണം നടത്താൻ വനിതാലീഗ്. ‘ടീ ഗാല കലക്ഷൻ ഫീസ്റ്റ്’ എന്ന പേരിൽ നവംബർ ഒന്നു മുതൽ 30 വരെ നീളുന്ന കാമ്പയിനിലൂടെ ചായപ്പൊടിപ്പാക്കറ്റുകൾ വീടുകളിൽ എത്തിച്ചാണ് ധനസമാഹരണം. 333 രൂപ വിലയുള്ള ഒരു കിലോ ഗ്രാം ചായപ്പൊടിയാണ് ഇതിനായി പാക് ചെയ്യുന്നത്. തൃശൂരിലെ ഒരു കമ്പനിയുടെ ചായപ്പൊടി സംസ്ഥാന കമ്മിറ്റി ജില്ലാകമ്മിറ്റികൾക്ക് ലഭ്യമാക്കും. ഇതിന്റെ ഇടപാടിനായി പ്രത്യേക ആപ്പും തയാറാവുന്നുണ്ട്. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളും കമ്മിറ്റിക്കകത്ത് പുകയുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയിലെ ചില വനിത നേതാക്കളും മുസ്‍ലീം ലീഗിലെ ചിലരും ചേർന്ന് കാര്യമായ ചർച്ചയില്ലാതെ നടപ്പാക്കുന്ന പദ്ധതിയാണ് ഇതെന്ന് വിമർശനമുയർന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റികൾക്ക് പദ്ധതി സംബന്ധിച്ച് സർക്കുലറുകൾ അയച്ചപ്പോൾ അനുകൂല പ്രതികരണമല്ല പല കമ്മിറ്റികളിൽ നിന്നും ഉണ്ടായത്. ചൊവ്വാഴ്ച പാണക്കാട് സാദിഖലി തങ്ങളെ കൊണ്ട് ഇതിന്റെ് പോസ്റ്റർ പ്രകാശനം നടത്തിക്കുന്നുണ്ട്.
സംഘടനാപ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കുകയണ് ലക്ഷ്യമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് മാധ്യമത്തോടു പറഞ്ഞു. ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് വിവിധ കമ്മിറ്റികൾക്ക് വീതിച്ചു നൽകും. പദ്ധതി വിജയിപ്പിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക കൺവെൻഷൻ ചേരുന്നുണ്ട്. ആദ്യ കൺവെൻഷൻ ഇന്നലെ കാസർകോട്ട് നടന്നു.അടുത്ത മാസം വനിതാലീഗിൽ മറ്റൊരു തരത്തിലുള്ള പിരിവുകളും അനുവദിക്കില്ലെന്ന് ജില്ല കമ്മിറ്റികൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ ലീഗ് മലബാറിൽ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും അവർക്ക് മെമ്പർഷിപ്പ് നടത്താൻ പാർട്ടി അനുവാദം നൽകിയിട്ടില്ല. ലീഗിന്റെ മറ്റ് പോഷകസംഘടനകൾക്ക് മെമ്പർഷിപ്പിലൂടെ പ്രവർത്തനഫണ്ട് സ്വരൂപിക്കാൻ അനുമതിയുണ്ട്. അതേ സമയം വനിതാലീഗിന് എന്തുകൊണ്ടാണ്ട് പ്രവർത്തനഫണ്ട് സ്വരൂപിക്കാൻ അനുമതി ലഭിക്കുന്നില്ല എന്ന ചോദ്യം താഴെതട്ടിൽ നിന്ന് ഉയരുന്നുണ്ട്. ചായപ്പൊടി വിൽപനയിലൂടെ ഫണ്ട് സ്വരൂപിക്കാൻ പാർട്ടി നിർബന്ധിക്കുന്നതിനെ വിമർശിക്കുന്നവർ ഈ ചോദ്യമാണ് ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.