വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം
text_fieldsവേങ്ങര: സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സബ്സിഡി നൽകുന്ന പദ്ധതിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. ജനറൽ വിഭാഗത്തിൽ 14 ലക്ഷം രൂപയും എസ്.സി വിഭാഗത്തിൽ 21 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേപ്പർ ബാഗ് യൂനിറ്റ്, വനിത ഹോട്ടൽ, ഭക്ഷ്യസംസ്കരണ യൂനിറ്റ്, ഡ്രൈ ഫ്രൂട്ട്സ് യൂനിറ്റ്, ബാഗ് യൂനിറ്റ് എന്നിവ ഇതിന്റെ ഭാഗമായി ആരംഭിക്കുന്നുണ്ട്. സ്കൂൾ കുട്ടികൾക്കും അതിദരിദ്രർക്കും മാവേലി സ്റ്റോറുകൾ മുഖേന നൽകുന്ന ഭക്ഷ്യകിറ്റുകൾ, ബാഗുകൾ, ഹരിത കർമസേന അംഗങ്ങൾക്കുള്ള യൂനിഫോം, കോട്ട് എന്നിവ യൂനിറ്റുകളിലെ വനിതകൾ തയാറാക്കി നൽകും. പദ്ധതിയിൽ ഉൾപ്പെടുത്തി ഊരകം പഞ്ചായത്തിൽ ആരംഭിച്ച ബാഗ് യൂനിറ്റിന്റെയും സ്റ്റിച്ചിങ് യൂനിറ്റിന്റെയും ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണിൽ ബെൻസീറ നിർവഹിച്ചു. വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ബി.ഡി.ഒ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സമീറ കരിമ്പൻ, ഹന്നത്ത് മൻസൂർ, സജിന, വ്യവസായ വികസന ഓഫിസർ സിത്താര, സംരംഭകരായ ബിന്ദു, ബീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.